നോര്‍ക്ക – റൂട്ട്‌സ് പ്രവാസി പുരസ്‌കാരം: 2013 ഫിബ്രവരി 28 വരെ അപേക്ഷിക്കാം

0

തിരുവനന്തപുരം: പ്രവാസി സാഹിത്യപുരസ്‌കാരം, പ്രവാസി മാധ്യമ പുരസ്‌കാരം, പ്രവാസി സാമൂഹിക പുരസ്‌കാരം എന്നീ വിഭാഗങ്ങളിലാണ് 2012-ലെ നോര്‍ക്ക – റൂട്ട്‌സ് പ്രവാസി പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വിദേശത്തും അന്യസംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ 2010-ലും 2011-ലും 2012-ലും പ്രസിദ്ധീകരിച്ച നോവല്‍, കഥ എന്നിവ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നതാണ്. മാധ്യമ പുരസ്‌കാരങ്ങള്‍ക്കായി പത്രമാധ്യമം, ദൃശ്യമാധ്യമം/ശ്രവ്യ മാധ്യമം എന്നീ വിഭാഗങ്ങളില്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. 

 
2010 ജനവരി ഒന്ന് മുതല്‍ 2012 ഡിസംബര്‍ 31 വരെ മലയാള പത്രമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രവാസി മലയാളികളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച ന്യൂസ് ഫീച്ചറിനും മലയാള ദൃശ്യ/ശ്രവ്യ മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്ത പ്രവാസി വിഷയങ്ങള്‍ സംബന്ധിച്ച് നിര്‍മിച്ച പരിപാടികളും ആയിരിക്കും മാധ്യമ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. വിദേശത്തെ പ്രവാസികള്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് (പരമാവധി അഞ്ച്‌പേര്‍ക്ക്) പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പ്രവാസി സാമൂഹിക പുരസ്‌കാരം നല്‍കുന്നതാണ്. മറ്റ് വിഭാഗങ്ങളില്‍ ഓരോന്നിലും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കുന്നതാണ്. അതതു മേഖലയിലെ പ്രഗത്ഭരുള്‍പ്പെടുന്ന ജൂറിയാവും അവാര്‍ഡുകള്‍ നിര്‍ണയിക്കുക. 
 
കഥ, നോവല്‍ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ രചനകളുടെ മൂന്ന് പകര്‍പ്പുകളും പ്രവാസി പത്ര/ദൃശ്യശ്രവ്യ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍മിച്ച പരിപാടികളുടെ മൂന്ന് പകര്‍പ്പുകളും പ്രവാസി സാമൂഹിക പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന രേഖകളുടെ മൂന്ന് പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും മറ്റ് അനുബന്ധ രേഖകളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക – റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ 2013 ഫിബ്രവരി 28 നകം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും -www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.