ട്രെയിന്‍യാത്രയ്ക്കിടെ പണം വലിച്ചെറിഞ്ഞ സിംഗപ്പൂര്‍ സ്വദേശി കസ്റ്റഡിയില്‍

0

തിരൂര്‍ . കോയമ്പത്തൂര്‍ -കണ്ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവേ ഇന്ത്യന്‍രൂപയും സിംഗപ്പൂര്‍ ഡോളറും സ്വര്‍ണമാലയുമടക്കം പുറത്തേക്ക് വലിച്ചെറിഞ്ഞ യാത്രക്കാരനെ തിരൂര്‍ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. സിംഗപ്പൂര്‍ പൌരത്വമുള്ള കര്‍ണാടക മടിക്കേരി സ്വദേശി കരുണാകറാണ്(40) ഇന്നലെ പള്ളിപ്പുറത്തിനും തിരൂരിനുമിടയില്‍ പണവും വിലപിടിപ്പുള്ള സാധനങ്ങളും വലിച്ചെറിഞ്ഞത്. പള്ളിപ്പുറത്ത് പണമടങ്ങിയ കെട്ടും മാലയും സിംഗപ്പൂര്‍ ഡോളറും മറ്റും വലിച്ചെറിഞ്ഞതായി യാത്രക്കാര്‍ ആര്‍പിഎഫിനെ അറിയിച്ചു. 

 
തിരൂര്‍ റയില്‍വേ സ്റ്റേഷന് സമീപംവച്ചും ബാഗ് പുറത്തേക്കെറിഞ്ഞു. അതോടെ ആര്‍പിഎഫ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. സിംഗപ്പൂര്‍ പൌരത്വമുള്ള പാസ്പോര്‍ട്ട്, എടിഎം കാര്‍ഡ്, സിംഗപ്പൂരിലെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇയാളുടെ ബാഗില്‍നിന്ന് ആര്‍പിഎഫിന് ലഭിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ കയ്യിലുണ്ടായിരുന്നതായാണ് സൂചന. പലയിടങ്ങളിലായി വലിച്ചെറിഞ്ഞിട്ടുണ്ടാകാമെന്നാണ് നിഗമനം. സിംഗപ്പൂര്‍ ഡോളര്‍ 30 എണ്ണം ആര്‍പിഎഫിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, ഇന്തൊനീഷ്യന്‍ കറന്‍സിയും 9,900 ഇന്ത്യന്‍രൂപയും ബാഗില്‍നിന്ന് കണ്ടെടുത്തു. 
 
സിംഗപ്പൂരില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറാണ്. കോട്ടയ്ക്കലിലേക്ക് ചികില്‍സയ്ക്ക് പോവുകയാണെന്നാണ് ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നത്. തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സെറാങ്കൂണ്‍ നോര്‍ത്ത് അവന്യു, ബ്ളോക്ക് 508, സിംഗപ്പൂര്‍ എന്നാണ് അഡ്രസ് നല്‍കിയിരിക്കുന്നത്. ഇയാളില്‍നിന്ന് ലഭിച്ച ഫോണ്‍നമ്പറില്‍ മൈസൂരിലുള്ള സഹോദരനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ തിരൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ആര്‍പിഎഫ് എഎസ്ഐ എ.പി. ദീപക് പറഞ്ഞു.