പാരിപ്പള്ളിയിൽ നാലു വയസ്സുകാരി മരിച്ചത് മര്‍ദനമേറ്റല്ല; മരണ കാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

0

കൊല്ലം: പാരിപ്പള്ളിയില്‍ നാലു വയസുകാരി മരിച്ചത് അമ്മയുടെ മര്‍ദ്ദനമേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ വായിൽ നിന്നു രക്തം വന്നതും രോഗത്തിന്റെ ഭാഗമായാണ്. ശരീരത്തിൽ അടിയുടെ പാടുകളുണ്ടെങ്കിലും അവ സാരമുള്ളതല്ല. ചോദ്യം ചെയ്തതിനു ശേഷം കുട്ടിയുടെ മാതാപിതാക്കളെയും വിട്ടയച്ചു. അമ്മ രമ്യയ്ക്കെതിരെ കുട്ടിയെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച നാലു വയസുകാരി അമ്മയുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. കുട്ടിയെ അമ്മ ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. കുട്ടിക്ക് മര്‍ദ്ദനമേറ്റതായി ഡോക്ടര്‍മാരും പറഞ്ഞിരുന്നു.ഇതേത്തുടര്‍ന്ന് അമ്മ രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ മര്‍ദ്ദനമല്ല മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ട്. പക്ഷെ ഇത് മരണകാരണമല്ല. മര്‍ദ്ദനം ഏറ്റിരുന്നില്ലെങ്കില്‍ കൂടി മരണകാരണമായേക്കാവുന്ന സ്ഥിതിയിലായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടിയുടെ രക്ഷിതാക്കളിൽനിന്നു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. രാവിലെ അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് കുട്ടിയുടെ വായിൽ നിന്നു രക്തം വന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി പൾസ് നില താഴുകയായിരുന്നു. കഴക്കൂട്ടത്തെ സിഎസ്ഐ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.