ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശി വനിതകള്‍ക്ക് ഇനി ഒറ്റയ്ക്ക് താമസിക്കാന്‍ അനുമതി

0

റിയാദ്:ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശി വനിതകള്‍ക്ക് ഇനി ഒറ്റയ്ക്ക് താമസിക്കാന്‍ അനുമതി; ടൂറിസ്റ്റ് വിസാ നിയമങ്ങള്‍ ഉദാരമാക്കി സൗദി അറേബ്യ

ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശി വനിതകള്‍ക്ക് ഒറ്റക്ക് താമസിക്കാന്‍ അനുമതി നല്‍കും.കുടുംബ സമേതം താമസിക്കാനെത്തുന്നവര്‍, കുടുംബബന്ധം തെളിയിക്കണമെന്ന വ്യവസ്ഥ പിന്‍വലിച്ചു. സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

നിലവിൽ സൗദിയിൽ വനിതകൾക്ക് ഹോട്ടലുകളിലും ഫർണിഷെഡ് അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് ലഭിക്കുന്നതിന് കുടുംബബന്ധം തെളിയിക്കണമെന്നാണ് വ്യവസ്ഥ. അടുത്ത ബന്ധുക്കളായ പുരുഷന്മാർക്കൊപ്പമല്ലാതെ സ്ത്രീകൾക്ക് ഹോട്ടൽ മുറികളും അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് നൽകില്ലായിരുന്നു.

എന്നാൽ ഇനിമുതൽ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ഹോട്ടൽ മുറികളും അപ്പാർട്ടുമെന്റുകളും വനിതകൾക്ക് വാടകയ്ക്ക് നല്കാൻ സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജാണ് തീരുമാനിച്ചത്. സൗദി വനിതകൾ തിരിച്ചറിയൽ കാർഡോ ഫാമിലി റെജിസ്റ്ററോ ആണ് ഹോട്ടലുകളിൽ താമസിക്കാൻ ഹാജരാക്കേണ്ടത്.

സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് അറിയിച്ചതാണ് ഇക്കാര്യം. ഒറ്റക്ക് താമസസൗകര്യം തേടുന്ന വനിതകള്‍ക്ക്, ഹോട്ടല്‍-അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ താമസസൗകര്യം നിഷേധിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.

ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് പാസ്‌പോര്‍ട്ടുകളാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കേണ്ടത്. ടൂറിസ്റ്റ് വിസകള്‍ക്ക് സൗദിയില്‍ സ്‌പോണ്‍സര്‍ ആവശ്യമില്ലാത്തതിനാല്‍, വിസിറ്റ് വിസ ലഭിക്കാത്ത പ്രൊഫഷനുകളിലുള്ളവര്‍ക്കും കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരുവാന്‍ ഏറെ സഹായകരമാകും. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍അറൈവല്‍ വിസ ലഭിക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.