ഇന്ന് അധ്യാപകദിനം

0

ഇന്ന് അധ്യാപകദിനം. ഇന്ത്യയില്‍ നാം അധ്യാപകദിനമായി വേര്‍തിരിച്ചിരിക്കുന്നത് മുന്‍രാഷ്ട്രപതി ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണെന്നത്  നമുക്കറിയാം.
എന്നാല്‍ ഒക്റ്റോബര്‍ 5 ആണ് ലോക അധ്യാപകദിനമായി ആചരിക്കുന്നത്. 1994 മുതലാണ് ലോക അധ്യാപകദിനം ആചരിച്ചുതുടങ്ങിയത്. യുനസ്കോയാണ് ഇതിന് പൊതുവില്‍ നേതൃത്വം നല്‍കുന്നത്. സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെയും അവരുടെ സ്ഥാനമഹിമയെയും കണക്കിലെടുത്തുകൊണ്ട് യുണസ്കോയുടെയും ഐ.എല്‍.ഒ.വിന്‍റെയും നേതൃത്വത്തില്‍, അധ്യാപകരുടെ പരിശീലനം, അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ഫലപ്രദമായ ഉത്തരവാദിത്തനിര്‍വഹണത്തിനുള്ള സാഹചര്യങ്ങള്‍, സേവനവേതന വ്യവസ്ഥകള്‍, സാമൂഹ്യസുരക്ഷ  തുടങ്ങിയവ  സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു രേഖ തയ്യാറാക്കി, 1966 ഒക്ടോബര്‍ 5 ന് ഔപചാരികമായി പ്രസിദ്ധീകരിക്കപ്പെടുത്തിയത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ദിനം ലോക അധ്യാപകദിനമായി ആചരിക്കുന്നത്. ഈ രേഖയിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ ലോകരാജ്യങ്ങളെ ഓര്‍മിപ്പിക്കുക എന്നതും ഈ ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്.

ലോക അധ്യാപകദിനാചരണത്തിന് നേതൃത്വവും പ്രചരണവും നല്‍കുന്ന മറ്റൊരു സംഘടന 'എജുക്കേഷന്‍ ഇന്‍റര്‍നാഷണല്‍' ആണ്. എതാണ്ട് നൂറിലേറെ രാജ്യങ്ങളില്‍ ലോകഅധ്യാപകദിനം ആചരിച്ചുവരുന്നു.
‘’മാതാ പിതാ ഗുരു ദൈവം’’ എന്ന്‍ ശൈശവപ്രായം മുതല്‍ക്കെ കേട്ട് വളര്‍ന്ന നമുക്ക് അധ്യാപകരോടുള്ള ബഹുമാനം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. ഒദ്യോഗിക ജീവിതത്തിന്‍റെ എത്ര ഉയരങ്ങള്‍ കീഴടക്കിയാലും, തിരിഞ്ഞു നോക്കുമ്പോള്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ തരുന്ന വിദ്യാഭ്യാസ കാലം നമുക്ക്‌ സുഖമുള്ള സ്മരണകള്‍ സമ്മാനിക്കുമ്പോള്‍, വീണ്ടും ആ സുന്ദര ദിനങ്ങള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍, മറക്കാനാവാത്ത ഓര്‍മ്മകള്‍ നമുക്ക്‌ സമ്മാനിച്ച ഗുരുക്കന്മാരുടെ സ്ഥാനം ഹൃദയത്തില്‍ അനശ്വരമായി നില കൊള്ളുന്നു. ലോകമെമ്പാടുമുള്ള എല്ലാ അധ്യാപകര്‍ക്കും സന്തോഷപൂര്‍ണ്ണമായ ഒരു അധ്യാപക ദിനം ആശംസിക്കുന്നു.