കേരളം തള്ളിക്കളഞ്ഞ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രി ഇന്നു സിംഗപ്പൂരിന്റെ അഭിമാനം

0

 

തിരുവനന്തപുരം. അമേരിക്കന്‍ ചാരസംഘടന സിഐഎയുമായി ബന്ധം ഉള്‍പ്പെടെ അനാവശ്യ വിവാദങ്ങള്‍ ഉന്നയിച്ചു കേരളം തട്ടിക്കളഞ്ഞ ജോണ്‍സ് ഹോപ്കിന്‍സ് ഏഷ്യന്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സിംഗപ്പൂരിന്റെ അഭിമാനമാവുന്നു. അനേകര്‍ക്കു ചികില്‍സയൊരുക്കുന്ന ആശുപത്രിയും ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം അവിടെ പ്രവര്‍ത്തിക്കുന്നു. അപ്പോഴും കേരളത്തില്‍ 'വിവാദങ്ങളുടെ സൃഷ്ടിക്ക് ഒരു കുറവും ഇല്ല. 
 
അമേരിക്കയിലെ പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഏഷ്യന്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ തുടങ്ങാന്‍ 16 വര്‍ഷം മുന്‍പ് പദ്ധതിയിട്ടത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. മൂന്നാറില്‍ 150 ഏക്കര്‍ സ്ഥലം ഇതിനായി അനുവദിച്ചതോടെ വിവാദങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. സിഐഎയ്ക്കു കേരളത്തിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയൊരുക്കുമെന്നായിരുന്നു ഒരു ആരോപണം. മറ്റൊന്ന്, മൂന്നാറിലെ ആദിവാസികളെ മരുന്നു പരീക്ഷണത്തിനു വിധേയരാക്കുമെന്നും. രണ്ടു വാദങ്ങളും കത്തിപ്പടര്‍ന്നതോടെ സര്‍ക്കാര്‍ പദ്ധതിയില്‍നിന്നു പിന്‍വാങ്ങി. 
 
സര്‍വകലാശാലയിലെ മലയാളിയായ ഡോ. പത്മനാഭന്‍ നായരാണു പദ്ധതിക്കു മുന്‍കൈ എടുത്തത്. നായനാര്‍ തന്നെ അമേരിക്കയില്‍ ചെന്നു ഡയറക്ടര്‍ റോബര്‍ട്ട് ബ്ളാക്കുമായി സംസാരിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് സിംഗപ്പൂരില്‍ ആരംഭിക്കാനായിരുന്നു സര്‍വകലാശാലയുടെ ആദ്യ പദ്ധതിയെങ്കിലും കേരള സര്‍ക്കാരിന്റെ പ്രയത്നഫലമായിട്ടാണു മൂന്നാറില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 900 കോടി രൂപയുടെ പദ്ധതിയാണു വിഭാവനം ചെയ്തത്. ഒടുവില്‍ ജോണ്‍സ് ഹോപ്കിന്‍സ് സിംഗപ്പൂര്‍ തന്നെ സ്വീകരിച്ചതോടെ കേരളത്തിനു നഷ്ടമായതു ലോകത്തിലെ തന്നെ മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ്. 
 
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്നു ഗവേഷണത്തിനായി വന്‍ തോതില്‍ ഫണ്ട് വാങ്ങുന്നവര്‍ തന്നെയായിരുന്നു ഈ വിവാദത്തിനു പിന്നിലെന്നാണു പിന്നീടു കിട്ടിയ സൂചനകള്‍. സ്ഥാപനം കേരളത്തില്‍ തുടങ്ങിയാല്‍ പിന്നെ ഗവേഷണ ഫണ്ടിനു സാധ്യതയില്ല. അവര്‍ കൊളുത്തിയ വിവാദ തിരിനാളം പിന്നീടു രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്ത് ആളിക്കത്തിക്കുകയായിരുന്നു. 
 
കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരിക്കും ഇതെന്നാണു സര്‍വകലാശാലയിലെ കരള്‍രോഗ ചികില്‍സാ വിഭാഗം ഡയറക്ടര്‍ ഡോ. പോള്‍ ജെ. തുളുവത്ത് പിന്നീട് അഭിപ്രായപ്പെട്ടത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതി പൊടിതട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.