മരണം മുന്നില്‍കണ്ട യുവ കലാകാരന്‍ യാത്രയായി

0

 

  ഷാര്‍ജ:  ഹൃദയാഘാതത്തെ തുടര്‍ന്ന് UAE യിലെ ഷാര്‍ജയില്‍ അന്തരിച്ച യുവാവ് നജീബ്നാജി (43) ന്‍റെ മൃതദേഹം ഇന്ന് രാത്രി കേരളത്തിലേക്ക് കൊണ്ടുപോകാനാവുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ന് ദുബായിലെ 'കുവൈറ്റ് ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ഭൌതീക ശരീരം, ചില ഔദ്യോഗിക നടപടികള്‍ കൂടി കഴിഞ്ഞാല്‍ ഇന്ന് രാത്രി UAE സമയം 12 മണിയുടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകാനാണ്‌ ശ്രമിക്കുന്നത്.

തൃശൂര്‍ ജില്ലയില്‍ മാള പള്ളിപ്പുറത്തുള്ള കടവില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ റഹമാന്‍റെ മകനായ നജീബ് കഴിഞ്ഞ 15 വര്‍ഷങ്ങളായി ഷാര്‍ജയില്‍ സ്വന്തമായി സ്റ്റുഡിയോ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. റഷീദയാണ് ഭാര്യ മക്കള്‍: നാസിക്(10), അലീഷ(6)

സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന നജീബ് ചില മലയാളം ചലച്ചിത്രങ്ങള്‍ക്കും നിശ്ചല ചായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിക്ക് പുറമേ ഏഴുത്തിലും ചിത്രരചനയിലും പ്രാവീണ്യം തെളിയിച്ച അദ്ദേഹത്തിന്‍റെ കവിതകള്‍ ജീവിത ഗന്ധിയായിരുന്നു. H&C പബ്ലിക്കേഷന്‍സ് ഈയിടെ പുറത്തിറക്കിയ 101 കവികളും 101 കവിതകളും എന്ന കവിതാസമാഹാരത്തില്‍ 'പ്രണയ മോഹം' എന്ന പേരില്‍ നജീബ് എഴുതിയ കവിതയിലെ വരികള്‍ കേള്‍ക്കുമ്പോള്‍ തന്‍റെ വാതില്‍ക്കല്‍ വന്നു മുട്ടിവിളിക്കുന്ന മരണത്തിന്‍റെ കാലൊച്ചകള്‍ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവോ എന്ന് തോന്നിപ്പോകും. ഡിസംബറില്‍ പുറത്തിറക്കുന്ന 111 മഴക്കവിതകള്‍ എന്ന അടുത്ത പുസ്തകത്തിലും നജീബിന്‍റെ കവിത തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ യുവ കലാകാരന്‍റെ അകാലവിയോഗം ബന്ധുക്കള്‍ക്ക് മാത്രല്ല, സുഹൃത്തുക്കള്‍ക്കും സാഹിത്യ സ്നേഹികള്‍ക്കും തീരാനഷ്ടമാണ്. വരച്ചു തീര്‍ക്കാന്‍ ഒരുപാട് ചിത്രങ്ങളും എഴുതിതീര്‍ക്കാന്‍ അനേക കവിതകളും ബാക്കി വച്ചിട്ട് അകാലത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഈ യുവ കലാകാരന് പ്രണാമങ്ങള്‍ അര്‍പ്പിക്കാം.

നജീബ് അവസാനമായി പാടിയ കവിത: