ന്യൂനമർദം തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത

0

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വരുംദിവസങ്ങളിൽ കൂടുതൽ തീവ്രമാകും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ കിഴക്കുള്ള ന്യൂനമർദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറുദിശയിൽ നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൂടുതൽ ശക്തിയാർജിച്ച് തമിഴ്നാട് തീരത്തേക്കു നീങ്ങും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാൻ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം.

പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് ഡിസംബർ രണ്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്കു കടക്കുമെന്നാണു കരുതുന്നത്. കൃത്യമായ ദിശ ഇന്നു വൈകിട്ടോടെ അറിയാം. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഡിസംബർ മൂന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115 മുതൽ 204 വരെ മില്ലിമീറ്റർ മഴപെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ബുധനാഴ്ച ഇടുക്കിയിൽ അതിതീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെലോ അലർട്ടുമുണ്ട്.

നാളെ മുതൽ കേരള തീരത്ത് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ ഇന്നു രാത്രി മുതൽ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. നിലവിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ ഇന്നു രാത്രിയോടെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തണം എന്നും കാലാവസ്ഥാനിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകി.