നടന്‍ സിദ്ദിഖ് കാറപകടത്തില്‍ പെട്ടു

0

പ്രശസ്ത സിനിമാ സീരിയല്‍ നടനും നിര്‍മ്മാതാവുമായ സിദ്ദിഖ് കാറപകടത്തില്‍ പെട്ടെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ NH 47 ല്‍ കൊല്ലത്തിനും കരുനാഗപ്പള്ളിക്കും മദ്ധ്യേ കന്നേറ്റി പാലത്തിനു സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ സിദ്ധിക്കിനും ഡ്രൈവര്‍ ആലുവ തളിക്കുളം സ്വദേശി ഹാഷിമിനും പരിക്കേറ്റു.
സിദ്ധിക്ക് സഞ്ചരിച്ചിരുന്ന കാറിന്‍റെ ഹാന്‍ഡ് ബ്രേക്ക് ജാമായതിനെ തുടര്‍ന്ന്‍ നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തില്‍ ഇടിച്ചു നിന്നെങ്കിലും മരം ഒടിഞ്ഞു കാറിന്‍റെ മുകളിലേക്ക് വീഴുകയും കാര്‍ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തില്‍ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ പിന്നീട് ഫയര്‍ ഫോഴ്സ് എത്തി ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തി മാറ്റിയത്‌.
തിരുവനന്തപുരത്ത് ഷൂട്ടിംഗ് കഴിഞ്ഞു എറണാകുളത്തെ കാക്കനാട്ടുള്ള വീട്ടിലേക്ക് പോകുകയായിരുന്നു സിദ്ധിക്ക്. അപകടം നടക്കുമ്പോള്‍ കാറിന്‍റെ പുറകിലത്തെ സീറ്റിലായിരുന്നു അദ്ദേഹം. അപകട ശേഷം അദ്ദേഹം തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഹൈവേ പോലീസും കരുനാഗപ്പള്ളി പോലീസും സംഭവസ്ഥലത്തെത്തി കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിശദമായ ചികിത്സകള്‍ക്കായി ഏറണാകുളത്തെക്ക്‌ അയച്ചു.
അപകടത്തില്‍ ഡ്രൈവറുടെ കൈക്ക് ഒടിവുണ്ട്. പുറമേ പരിക്കുകള്‍ ഒന്നും തനിക്കില്ലെന്നും ശാരീരിക വേദന മാത്രമേ ഉള്ളെന്നും സിദ്ദിക്ക് പറഞ്ഞു. തക്ക സമയത്ത് സഹായത്തിനെത്തിയ നാട്ടുകാരോടും പോലീസിനോടും പറഞ്ഞാല്‍ തീരാത്ത നന്ദി ഉണ്ടെന്നും പടച്ചോന്‍റെ കരുണ കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.