സിംഗപ്പൂര്‍ കമ്പനിയുടെ ഇ-മെയില്‍ ഹാക്ക് ചെയ്ത് മലയാളിയുടെ പണം തട്ടാന്‍ ശ്രമം

0

റിയാദ്: റിയാദിലെ മലയാളി വ്യാപാരി വന്‍ ചതിക്കുഴിയില്‍ നിന്ന് രക്ഷപെട്ട വാര്‍ത്ത‍ ഞെട്ടലോടെയാണ് പ്രവാസിലോകം വീക്ഷിക്കുന്നത് .സിംഗപ്പൂര്‍  ആസ്ഥാനമായുള്ള സീ ഫുഡ് കമ്പനിയുടെ ഔദ്യാഗിക ഇ-മെയില്‍ ഹാക്ക് ചെയ്ത്, കമ്പനിയുമായി ഇടപാട് നടത്തുന്ന മലയാളി വ്യാപാരിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. റിയാദ് നസീമിലെ ദാറു സുദൈറ ട്രേഡിങ് എന്ന സ്ഥാപനം നടത്തുന്ന ചാവക്കാട് സ്വദേശി ജമാലുദ്ദീന്‍ ശരീഫ് വന്‍ തുക നഷ്ടപ്പെടുന്നതില്‍ നിന്ന് നേരിയ വ്യത്യാസത്തനാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്‍െറ സ്ഥാപനം സിംഗപ്പൂരിലെ ഗ്രീന്‍ സീ ഫുഡ് കമ്പനിയില്‍ നിന്ന് സൗദിയില്‍ മൊത്ത വ്യാപാരം നടത്തുന്നതിനുള്ള ഇറച്ചിയും സീ ഫുഡും വാങ്ങുന്നുണ്ട്. മണി എക്സ്ചേഞ്ച് സെന്‍റര്‍ വഴിയാണ് സിംഗപ്പൂര്‍ കമ്പനിക്കുള്ള പണമയക്കാറ്. ഇതുപ്രകാരം ഏറ്റവും അവസാനം ഉല്‍പന്നം വാങ്ങിയ വകയില്‍ ഗ്രീന്‍ സീ ഫുഡ് കമ്പനിക്ക് 46,500 ഡോളര്‍ (എകദേശം 1.75 ലക്ഷം റിയാല്‍) അടക്കാനുണ്ടായിരുന്നു. പണമിടപാട് സംബന്ധിച്ച വിവരങ്ങളെല്ലാം കമ്പനിയുടെ ഔദ്യാഗിക ഇ-മെയില്‍ വഴിയാണ് അയക്കാറ്.

 
കമ്പനി ഇ-മെയില്‍ ഹാക്ക് ചെയ്ത സാമൂഹികവിരുദ്ധര്‍ കമ്പനിക്കുള്ള പണം മറ്റൊരു അക്കൗണ്ടില്‍ അയക്കണമെന്നറിയിച്ച് ഈ മാസം ഏഴിന് ശരീഫിന് ഇ-മെയിലയച്ചു. സിംഗപ്പൂര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം കാരണം നിലവിലുള്ള അക്കൗണ്ടില്‍ പണം ക്രെഡിറ്റാകാന്‍ 45 ദിവസം എടുക്കുമെന്നും അടിയന്തിരമായി പണം ആവശ്യമായതിനാല്‍ താഴെ കാണുന്ന പുതിയ അക്കൗണ്ടില്‍ പണമയക്കണമെന്നുമായിരുന്നു സന്ദേശം. കമ്പനിയുടെ ഔദ്യാഗിക ഇ-മെയില്‍ ആയതിനാല്‍ ഇതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ അഞ്ചു വര്‍ഷമായി കമ്പനിയുമായി ഇടപാട് നടത്തുന്നതിനാല്‍ പതിവുപോലെ അടുത്ത ദിവസം പണമയക്കാമെന്ന് തീരുമാനിച്ചു. പണമയക്കാന്‍ ഒരു ദിവസം വൈകിയതോടെ വേഗം പണമയക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഇ-മെയില്‍ വന്നു. ഇത് പതിവില്ലാത്തതിനാല്‍ സംശയം തോന്നിയ ശരീഫ് സിംഗപ്പൂരിലുള്ള വിതരണക്കാരനെ വിളിച്ച് പുതിയ അക്കൗണ്ടില്‍ പണമയക്കാന്‍ ആവശ്യപ്പെട്ട കാര്യം തിരക്കി. ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരമറിയാത്ത വിതരണക്കാരന് ശരീഫ് ചോദിച്ച കാര്യം പൂര്‍ണമായി മനസ്സിലായില്ല. അതിനാല്‍ അക്കൗണ്ടിലേക്ക് പണമയക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
 
തുടര്‍ന്ന് ശനിയാഴ്ച നസീമിലെ അല്‍റാജി മണി എക്സ്ചേഞ്ച് സെന്‍ററില്‍ ചെന്ന് ഇ-മെയിലില്‍ സൂചിപ്പിച്ച പുതിയ അക്കൗണ്ടില്‍ പണമടച്ചു. എങ്കിലും പണമിടപാട് സംബന്ധിച്ച് ശരീഫിന് അവ്യക്തത തോന്നിയതിനാല്‍ പുതിയ അക്കൗണ്ടിലേക്ക് പണമയച്ചതിന്‍െറ രേഖകള്‍ സിംഗപ്പൂരിലെ വിതരണക്കാരന്‍െറ സ്വകാര്യ ഇ-മെയിലിലേക്ക് അയച്ചു. ഇ-മെയില്‍ കണ്ട് ഞായറാഴ്ച പുലര്‍ച്ചെ വിതരണക്കാരന്‍ കാര്യമന്വേഷിച്ചു. പുതിയ അക്കൗണ്ടിലേക്ക് പണമയക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ അക്കൗണ്ട് കമ്പനിയുടേതല്ലെന്നും അദ്ദേഹം അറിയിച്ചു. അപ്പോഴാണ് കമ്പനി ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ഇരുവരുമറിയുന്നത്. പണം അടച്ചത് ശനിയാഴ്ചയാണെങ്കിലും അന്താരാഷ്ട്ര ബാങ്കിങ് മേഖലയില്‍ ശനിയും ഞായറും അവധിയായത് ശരീഫിന് തുണയായി. ശനിയാഴ്ച അടച്ച പണം തിങ്കളാഴ്ച മാത്രമേ സിംഗപ്പൂരിലെ അക്കൗണ്ടില്‍ ക്രെഡിറ്റാകൂ. ഉടന്‍തന്നെ പണമയച്ച അല്‍റാജ്ഹി ബാങ്ക് നസീം ശാഖയിലെ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശി മൂസക്കുട്ടിയെ ബന്ധപ്പെടുകയും അദ്ദേഹത്തിന്‍െറ സഹായത്തോടെ പണം നിക്ഷേപിച്ചത് റദ്ദാക്കി. തങ്ങളുടെ ഇ-മെയില്‍ ഹാക്ക് ചെയ്തതിനെതിരെ സിംഗപ്പൂരില്‍ കമ്പനി കേസ് നല്‍കിയിട്ടുണ്ടെന്ന് ശരീഫ് അറിയിച്ചു. ഇ-മെയില്‍ സംവിധാനങ്ങള്‍ വഴി പണമിടപാട് നടത്തുന്നവര്‍ക്ക് പതിവ് വഴിയില്‍ നിന്ന് മാറിയുള്ള ഏത് ഇടപാട് തുടങ്ങും മുമ്പും വിശദമായി അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നാണ് ഈ സംഭവം നല്‍കുന്ന പാഠമെന്ന് ശരീഫ് പറഞ്ഞു.