മലേഷ്യന്‍ ഫൈവ്സ്റ്റാര്‍ എയര്‍ലൈന്‍സില്‍ സിംഗപ്പൂര്‍ -കൊച്ചി യാത്രയ്ക്ക് S$291 മാത്രം

0

കൊലാലംപൂര്‍ : മലേഷ്യ എയര്‍ലൈന്‍സ്‌ കൊച്ചിയിലേക്കുള്ള  ബുക്കിംഗ് ആരംഭിച്ചു .സെപ്റ്റംബര്‍ 1 മുതല്‍ കൊച്ചിയിലേക്ക് കൊലാലംപൂരില്‍ നിന്ന് ആദ്യ വിമാനം യാത്രതിരിക്കും .ആഴ്ചയില്‍ 7 സര്‍വീസ്‌ നടത്തുമെന്ന് മലേഷ്യ എയര്‍ലൈന്‍സ് വ്യക്തമാക്കി.ഫൈവ്സ്റ്റാര്‍ എയര്‍ലൈന്‍ അവാര്‍ഡ്‌ നേടിയ മലേഷ്യ എയര്‍ലൈന്‍സ് വന്‍ ഓഫര്‍ ആണ് കൊച്ചിയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .എന്നാല്‍ ഏറ്റവും തമാശയായി തോന്നുന്ന കാര്യമാണ് കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് S$477 കൊടുക്കേണ്ടി വരുമ്പോള്‍ അതേദിവസം സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ വെറും S$291 കൊടുത്താല്‍ മതി .

രാത്രി 10.25-നു കൊച്ചിയിലേക്ക് യാത്ര തിരിക്കുന്ന വിമാനം 12.01-നു കൊച്ചിയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് അംഗീകാരം ലഭിച്ചിട്ടുള്ളത് .തിരിച്ചു 12-50-നു പുറപ്പെടുന്ന വിമാനം രാവിലെ 7.35-നു കൊലാലംപൂരില്‍ എത്തിച്ചേരും .ബോയിംഗ് വിഭാഗത്തിലെ 737-800 വിമാനമാകും സര്‍വീസിന് ഉപയോഗിക്കുക .160 മുതല്‍ 190 വരെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ വിഭാഗത്തിലെ വിമാനങ്ങള്‍ .

സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുവാന്‍ S$291 എന്ന ഓഫര്‍ ഇതിനകം നിരവധിപേര്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞിരിക്കുന്നു .ഇരു വശത്തേക്കും 30Kg ബാഗേജ്‌ സൗജന്യമായി കൊണ്ടുപോകുവാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം .നിലവില്‍ ടൈഗര്‍ എയറില്‍ ഒരു വശത്തേക്ക് മാത്രം 30Kg-നു S$55 ഡോളര്‍ കൊടുക്കേണ്ടി വരുമ്പോഴാണ് ഈ ഓഫര്‍ എന്നത് ആകര്‍ഷകമാണ് .ഇതു കൂടാതെ സൗജന്യമായി ആഹാരവും മാസ് നല്‍കുന്നു .ഹിന്ദു ,മുസ്ലിം ,കുട്ടികള്‍ക്കുള്ള ഭക്ഷണം ,മെഡിക്കല്‍ ,വെജിറ്റേറിയന്‍ എന്നിങ്ങനെ നിരവധി ഭക്ഷണം ആണ് വിമാനത്തില്‍ ലഭ്യമാകുന്നത് .

കൂടാതെ വിനോദത്തിനായി 10",7" വലുപ്പത്തിലുള്ള സ്ക്രീനില്‍ ഇംഗ്ലീഷ് ,ഹിന്ദി ,തമിള്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമ ,പാട്ടുകള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഉടന്‍ തന്നെ മലയാളം ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ .കൂടുതല്‍ വിസ്താരമുള്ള സീറ്റുകള്‍ മറ്റൊരു ആകര്‍ഷകമായ വസ്തുതയാണ് .സീറ്റുകള്‍ നിസാരമായ നിരക്കില്‍ ബുക്ക്‌ ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും .

സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ 2 മണിക്കൂര്‍ 15മിനിറ്റും ,തിരിച്ചുള്ള യാത്രയില്‍ 1 മണിക്കൂര്‍ 45മിനിറ്റും മാത്രമായിരിക്കും  കൊലാലംപൂരിലുള്ള ട്രാന്‍സിറ്റ്‌ സമയം എന്നത് ആശ്വാസപ്രദമായ കാര്യമാണ് .

എയര്‍ഏഷ്യയുടെ ഏറ്റവും ലാഭകരമായ രണ്ടു റൂട്ടുകളാണ് കൊച്ചിയും ,തിരുച്ചിറപ്പള്ളിയും എന്ന് എയര്‍ഏഷ്യ പറഞ്ഞതിന് തൊട്ടു പിന്നാലെ മാലിന്‍ഡോ എയറിന്റെ കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു .എന്നാല്‍ ഈ വാര്‍ത്തകളൊക്കെ നിലവിലുള്ളപ്പോള്‍ ഇതൊന്നും വക വെയ്ക്കാതെയാണ് മലേഷ്യ കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങുന്നത് .

മികച്ച സൗകര്യങ്ങളാണ് മലേഷ്യ എയര്‍ലൈന്‍സ് നല്‍കുന്നത് .താരതമ്യേനെ അമിതമായി ചാര്‍ജ് ഈടാക്കാതെ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികളില്‍ ഒന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് .നിലവില്‍ ബാഗ്ലൂര്‍ ,ചെന്നൈ ,മുംബൈ ,അഹമ്മദാബാദ് ,കൊല്‍ക്കത്ത ,ഡല്‍ഹി ,ഹൈദരാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് മലേഷ്യ എയര്‍ലൈന്‍സ്‌ സര്‍വീസ്‌ നടത്തുന്നുണ്ട് .മികച്ച പ്രതികരണമാണ് ഇന്ത്യയിലേക്ക് സര്‍വീസ്‌ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമെന്ന് അധികൃധര്‍ അറിയിച്ചു .

ഓണം ,ക്രിസ്തുമസ് ,ന്യൂ ഇയര്‍ എന്നീ സമയങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ് .ആദ്യം ബുക്ക്‌ ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഓഫര്‍ ലഭ്യമായിട്ടുള്ളത് .