യമന്‍ സംഘര്‍ഷം: ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് അമേരിക്കയും സിംഗപ്പൂരും

0
 
കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന യമനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ സിംഗപ്പൂരും അമേരിക്കയും അടക്കം മുപ്പതോളം രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി. അയല്‍രാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശും, യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനിയും യു.കെ യും ഈ കൂട്ടത്തില്‍ ഉണ്ട്.വിദേശികളായ മുന്നൂറിലധികം പേരെ ഇതുവരെ ഇന്ത്യ രക്ഷപ്പെടുത്തി എന്നാണു ഒടുവില്‍ ലഭിക്കുന്ന വിവരം. 
യമനില്‍ ഇന്ത്യ സ്തുത്യര്‍ഹമായ  രീതിയില്‍ ഉള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജിബൂട്ടിയില്‍ ക്യാമ്പ് ചെയ്തു വിദേശകാര്യസഹമന്ത്രി വി.കെ. സിംഗാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 
അറുപതോളം സിംഗപ്പൂരുകാരാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. സിംഗപ്പൂര്‍ വിദേശകാര്യവകുപ്പും ഇസ്ലാമിക് റിലീജിയസ് കൌണ്‍സിലും ചേര്‍ന്നാണ് ഇവരെ കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ നടത്തുന്നത്. 
ഇന്ത്യന്‍ വിമാനങ്ങളില്‍ രക്ഷപ്പെടുവാനുള്ള നിര്‍ദ്ദേശം അമേരിക്കന്‍ ഗവണ്മെന്റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. യമനില്‍ ഉള്ള അമേരിക്കന്‍ പൗരന്മാര്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടാന്‍ ആണ് സൈറ്റില്‍ പ്രസിദ്ധീകരിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്.
രണ്ടാഴ്ച മുന്‍പാണ് ഏറെക്കാലമായുള്ള യമനിലെ ആഭ്യന്തര സംഘര്‍ഷം അടിച്ചമര്‍ത്താനായി സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സൈന്യം വ്യോമാക്രമണം തുടങ്ങിയത്..