മകന്റെ പേരും ചിത്രവും ആദ്യമായി പങ്കുവച്ച് ​ഗായിക ശ്രേയ ഘോഷാൽ

0

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ശ്രേയ ഘോഷാല്‍. ശ്രേയ ഘോഷാൽ അമ്മയായ വിവരം ആരാധകരൊക്കെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷവും, കുഞ്ഞ് പിറന്ന സന്തോഷവും ശ്രേയ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ പേരും ചിത്രവും ആദ്യമായി പങ്കുവച്ച് ​ഗായിക ശ്രേയ ഘോഷാൽ. ദേവ്യാൻ മുഖോപാധ്യായ എന്നാണ് മകന് നൽകിയ പേര്. മകനും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായയ്ക്കും ഒപ്പമുള്ള ചിത്രവും ശ്രേയ പങ്കുവച്ചു.

“ദേവ്യാൻ മുഖോപാധ്യായെ ഇവിടെ പരിചയപ്പെടുത്തുന്നു. മെയ് 22നാണ് അവൻ ഞങ്ങളുടെ ജീവിതത്തിയലേയ്ക്കു കടന്നു വന്നത്. അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറി. അവനെ ആദ്യമായി കണ്ടപ്പോൾ, ഒരച്ഛനും അമ്മയ്ക്കും മാത്രം അനുഭവിക്കാനാവുന്ന സ്നേഹം ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു. തികച്ചും നിഷ്കളങ്കവും അതിരില്ലാത്തതും അഗാധവുമായ സ്നേഹമാണത്. ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു. ജീവിതത്തിൽ ഇതുപോലൊരു സുന്ദര സമ്മാനം ലഭിച്ചതിനു ഞാനും ശൈലാദിത്യയും ദൈവത്തോടു നന്ദി പറയുന്നു.. “ശ്രേയ കുറിച്ചു.

ബാല്യകാല സുഹൃത്ത് കൂടിയായ ശൈലാദിത്യ മുഖോപാധ്യായയുമായുള്ള ശ്രേയ ഘോഷാലിന്‍റെ വിവാഹം 2015 ഫെബ്രുവരി 5ന് ആയിരുന്നു. ഇന്ത്യൻ സിനിമാസംഗീത രംഗത്ത് ഏറ്റവും ആരാധകരുള്ള ഗായികമാരിൽ ഒരാളാണ് ശ്രേയ. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ മികച്ചുനിന്നു. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയത്.