പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം കല്‍പന അന്തരിച്ചു.

0

പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം കല്‍പന(51) അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം.

ഹൃദയാഘാതമാണു മരണ കാരണമെന്നാണു ആശുപത്രി അധികൃതര്‍ അറിയിച്ചത്‌. തെലുങ്കു സിനിമയില്‍ അഭിനയിക്കാന്‍ ഹൈദരബാദിലെത്തിയ നടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലാണു അന്ത്യം സംഭവിച്ചത്‌. ഹൈദരാബാദ്‌ അപ്പോളോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകിട്ടോടെ കേരളത്തിലേക്ക്‌ കൊണ്ടുവരും. നാടക പ്രവര്‍ത്തകരായിരുന്ന ചവറ വി.പി.നായരുടെയും വിജയലക്ഷ്മിയുടെയും മകളായ കല്‍പന മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട ഭാഷകളിലായി മുന്നൂറിലേറെ ചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ അനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്‌.  "തനിച്ചല്ല ഞാന്‍" എന്ന സിനിമയിലെ അഭിനയത്തിനാണു 2012 ല്‍ ദേശീയ അവാര്‍ഡ്‌ ലഭിച്ചത്‌. 1977 ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമാ രംഗത്തേയ്ക്ക്‌ വന്ന കല്‍പന1983 ല്‍ പുറത്തിറങ്ങിയ എം.ടി.വാസുദേവന്‍ നായരുടെ 'മഞ്ഞ്‌' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടരങ്ങ്‌ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹാസ്യം വഴങ്ങുന്ന ചുരുക്കം നടിമാരില്‍ മുന്‍ നിരയില്‍ തന്നെ കല്‍പനയുടെ സ്ഥാനം എന്നുമുണ്ടായിരുന്നു. ഭാഗ്യരാജിന്റെ ജോടിയായി 1985ല്‍ ചിന്നവീടാണു തമിഴിലെ ആദ്യ ചിത്രം. പിന്നീട്‌, സതി ലീലാവതി, കളിവീട്‌ തുടങ്ങി കൽപനയുടെ പ്രതിഭ തെളിയിച്ച ഒട്ടനവധി ചിത്രങ്ങള്‍ തമിഴിലും ഉണ്ടായി. ചാര്‍ലിയാണു കല്‍പന അഭിനയിച്ച അവസാന മലയാള ചിത്രം.ഒരു മകള്‍: ശ്രീമയി. നടിമാരായ കലാരഞ്ജിനിയും ഉര്‍വ്വശിയും സഹോദരിമാരാണ്‌.

മലയാള സിനിമാ ലോകത്തിനു നികത്താനാവാത്ത നഷ്ടമാണു കല്‍പനയുടെ അകാല വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്‌. പ്രവാസി എക്‌സ്‌പ്രസ്സിന്റെ ആദരാഞ്ജലികള്‍.