സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഫോണ്‍ വഴി ലഭ്യമാക്കാന്‍ ‘മാപ് മൈ ഹോം’ പ്രൊജക്റ്റുമായി മിര്‍ മുഹമ്മദ് അലി ഐ.എ.എസ്.

0

യാത്ര ചെയ്തു കൊണ്ടിരിക്കേ കേരളത്തില്‍ എവിടെയെങ്കിലും വെച്ച് വാഹനം നിന്ന് പോയാല്‍ അടുത്തുള്ള വര്‍ക്ക് ഷോപ്പ് എവിടെയെന്നു അറിയാന്‍ അല്ലെങ്കില്‍ അവരുടെ ഫോണ്‍ നമ്പറില്‍ വിളിച്ചു സഹായം തേടാന്‍, അതുപോലെ പെട്ടെന്ന് വല്ല മരുന്നും വാങ്ങാന്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പ് എവിടെയെന്നറിയാന്‍ വരും കാലം നിങ്ങളുടെ ഫോണില്‍ വിരലൊന്നു അമര്‍ത്തിയാല്‍ മതി. ഏറ്റവും അടുത്തുള്ള വര്‍ക്ക് ഷോപ് അല്ലെങ്കില്‍  മെഡിക്കല്‍ ഷോപ്പിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും നിങ്ങളുടെ ഫോണില്‍ തെളിയും.

ജ്യൂസ് കട, ഹോട്ടലുകള്‍, ആശുപത്രികള്‍, ഗവണ്മെന്റ് സ്ഥാപനങ്ങള്‍, തുടങ്ങി സംസ്ഥാനത്തെ ഏതു സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ ജനങ്ങള്‍ക്ക് ആപ് ലഭ്യമാക്കാനുള്ള പ്രയത്നത്തിലാണ് ഐ എ എസ് ഓഫീസര്‍ ആയ മിര്‍ മുഹമ്മദ് അലി.

തിരുവനന്തപുരം ജില്ലയിലെ പ്രൈവറ്റ-് ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും മറ്റും വിശദവിവരങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആറു കോളേജുകളിലെ നൂറോളം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍, പ്രവര്‍ത്തന സമയം – ദിവസങ്ങള്‍, ഫോട്ടോകള്‍ തുടങ്ങി സ്ഥാപനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ് വഴി നിങ്ങള്‍ക്ക് ലഭ്യമാകും. അതുപോലെ സ്ഥാപനത്തെ നിങ്ങള്‍ക്കു റിവ്യൂ ചെയ്യാന്‍ കഴിയുന്നതുമാണ്. ഇത് ഓരോ സ്ഥാപനങ്ങളുടെയും നിലവാരം മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്യും.

നിലവില്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥാപന വിവരങ്ങള്‍ മാത്രമുള്ള പദ്ധതിയില്‍ കേരളം മുഴുവനും  ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.