ഓഹരി വിപണിയിൽ വിദേശികൾക്ക് നിക്ഷേപം നടത്താം; നിയന്ത്രണം ഒഴിവാക്കി സൗദി

0

റിയാദ്: ഓഹരി വിപണിയിൽ വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി സൗദി അറേബ്യ.49 ശതമാനം ഓഹരികൾ മാത്രമേ സ്വന്തമാക്കാനാകൂവെന്ന നിയന്ത്രണം ഒഴിവാക്കുന്നതായി സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 ന്‍റെ ഭാഗമായാണ് നിക്ഷേപം വർധിപ്പിക്കുന്നതിനു നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. 2015 ലാണ് വിദേശികൾക്ക് സൗദി ഓഹരിവിപണി നിയന്ത്രണങ്ങളോടെ തുറന്നു കൊടുത്തത്.

പുതിയ തീരുമാനത്തോടെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വിദേശികളുടെ നിക്ഷേപങ്ങൾക്ക് ഇനി പരിധി ഉണ്ടാകില്ല. നിക്ഷേപകര്‍ക്ക് കമ്പനികളുടെ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിനും പുതിയ പരിഷ്‌കരണത്തോടെ സാധിക്കും. മാർക്കറ്റിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കുന്നതിനും തീരുമാനം ഗുണകരമാകുമെന്നു ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ തീരുമാനം നിലവിൽ വന്നതോടുകൂടി സൗദി ഓഹരി വിപണിയിൽ വൻ കുതിപ്പാണ് സംജാതമായിരിക്കുന്നത്. കൂടാതെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാരം, സിനിമ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൻനിക്ഷേപസാധ്യതകൾ കൂടിയാണ് സൗദി ഇതിലൂടെ .ലക്ഷ്യമിട്ടിരിക്കുന്നത്.