5ജി സ്പെക്ട്രം ലേലം ഇന്ന് തുടങ്ങും

0

ഡല്‍ഹി: രാജ്യത്തെ 5ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. ലേല നടപടികളിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. 4ജിയെ അപേക്ഷിച്ച് പത്ത് മടങ്ങ് വേഗതയുള്ള ഇന്‍റർനെറ്റ് സേവനങ്ങളാണ് 5ജി വഴി രാജ്യം ലക്ഷ്യം വെയ്ക്കുന്നത്.

ജിയോ, ഭാരതി എയർടെൽ, വിഐ, അദാനി ഡാറ്റാ നെറ്റ്‌വർക്ക് എന്നീ ടെലി കമ്യൂണിക്കേഷൻ രംഗത്തെ പ്രമുഖരാണ് 20 വർഷത്തേക്ക് സ്പെക്ട്രം പാട്ടത്തിന് ലഭിക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നത്. ലേലത്തിൽ പങ്കെടുക്കാനായി 21000 കോടി രൂപ കമ്പനികൾ ചേർന്ന് കെട്ടിവെച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക കെട്ടിവെച്ചത് റിലയൻസ് ഗ്രൂപ്പായ ജിയോ ആണ്.

അടുത്ത വർഷം മാർച്ചോടെ രാജ്യത്ത് 5ജി സേവനങ്ങൾ പൂർണ തോതിൽ ലഭ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വ്യവസായ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരാൻ 5ജി സേവനങ്ങൾ സഹായകരമാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

5ജി സാങ്കേതികവിദ്യ 4ജിയേക്കാൾ 10 മടങ്ങും 3ജിയേക്കാൾ 30 മടങ്ങും വേഗതയുള്ളതായിരിക്കും. പുതിയ സാങ്കേതികവിദ്യകൾക്ക് 5ജി സഹായകരമാകുകയും ചെയ്യും. സ്പെക്‌ട്രം ലേലത്തിൽ ടെലികോം കമ്പനികൾ ആവേശത്തോടെ പങ്കെടുക്കുമെന്നും അത് വിജയിപ്പിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.