നഗ്ന ഫോട്ടോഷൂട്ട്: രൺവീറിന് വസ്ത്രങ്ങൾ സംഭാവന നൽകി എൻജിഒ: വിഡിയോ

0

നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിന് വസ്ത്രങ്ങൾ സംഭാവന നൽകി എൻജിഒ. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഒരു എൻജിഒ ആണ് രൺവീറിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രൺവീറിൻ്റെ ചിത്രമുള്ള ഒരു പെട്ടിയിലേക്ക് ആളുകൾ വസ്ത്രങ്ങൾ നിക്ഷേപിക്കുന്നത് വിഡിയോയിൽ കാണാം.

പേപ്പർ മാഗസിനു വേണ്ടി ബോളിവുഡ് നടൻ രൺവീർ സിംഗ് നടത്തിയ നഗ്ന ഫോട്ടോഷൂട്ടിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു എൻജിഒ പരാതി നൽകിയിരുന്നു. ശ്യാം മംഗ്രം ഫൗണ്ടേഷൻ എന്ന എൻജിഒ ആണ് രൺവീറിനെതിരെ പരാതി നൽകിയത്. രൺവീറിൻ്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതിയിൽ പറയുന്നു. ഇതൊക്കെ പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും മുംബൈ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് രൺവീർ സിംഗ് ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഫോട്ടോഷൂട്ടിനെതിരെ പരാതി ലഭിച്ചത് രൺവീറിനും പേപ്പർ മാഗസിനും തലവേദന ആയേക്കും.

തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാളി അഭിനേത്രിയുമായ മിമി ചക്രബർത്തി രൺവീറിനെതിരെ രംഗത്തുവന്നിരുന്നു. സ്ത്രീകൾ ഇത്തരം ഫോട്ടോഷൂട്ട് നടത്തിയാൽ ഇത്ര പിന്തുണ ലഭിക്കുമോ എന്നായിരുന്നു മിമി ചക്രബർത്തിയുടെ ചോദ്യം.