മുഷീർ ഖാന് വീണ്ടും സെഞ്ചുറി; ന്യൂസിലൻഡിനെതിരേ ഇന്ത്യ അണ്ടർ 19 മികച്ച സ്കോറിൽ

0

ബ്ലുംഫൊണ്ടെയ്ൻ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഉജ്വല പ്രകടനം തുടരുന്നു. ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം ജയിച്ച് സൂപ്പർ സിക്സിൽ കടന്ന ഇന്ത്യൻ കൗമാര താരങ്ങൾ അവിടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരേ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് സ്കോർ ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ അർഷൻ കുൽക്കർണിയെയാണ് (9) ആദ്യം നഷ്ടമായത്. എന്നാൽ, തുടർന്ന് ഓപ്പണർ ആദർശ് സിങ്ങും മുഷീർ ഖാനും അതിവേഗത്തിൽ സ്കോർ മുന്നോട്ട് നീക്കി. 17.2 ഓവറിൽ ഇന്ത്യ 105 റൺസിലെത്തിയപ്പോഴാണ് ആദർശ് സിങ് (58 പന്തിൽ 52) പുറത്താകുന്നത്.

മുഷീർ ഖാനു പുറമേ പിന്നീട് വന്നവരിൽ ക്യാപ്റ്റൻ ഉദയ് സഹാരനു (57 പന്തിൽ 34) മാത്രമേ ന്യൂസിലൻഡ് ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനായുള്ളൂ.

ഒരു വശത്ത് മുറയ്ക്ക് വിക്കറ്റ് വീഴുമ്പോഴും ഒരു വശത്ത് റൺ നിരക്ക് താഴാതെ ബാറ്റ് ചെയ്ത മുഷീർ ഖാൻ 126 പന്തിൽ 131 റൺസാണെടുത്തത്. 13 ഫോറും മൂന്നു സിക്സും ഉൾപ്പെട്ട ഇന്നിങ്സ് അവസാനിക്കുന്നത് 47.3 ഓവറിലാണ്.