ആ ദിവസങ്ങളിൽ രണ്ടും മൂന്നും മണിക്കൂർ കരഞ്ഞിട്ടുണ്ട്; സഞ്ജയ് ദത്ത്

0

“ലോക്ക്ഡൗൺ സമയത്തെ സാധാരണ ഒരു ദിവസമായിരുന്നു അത്. എഴുന്നേറ്റശേഷം ഏതാനും ചുവടുകൾ വച്ചെങ്കിലും എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. കുളിച്ച ശേഷവും ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനായില്ല”. തന്നെ പിടികൂടിയ കാൻസർ എന്ന രോ​ഗത്തേയും അതിനെ എങ്ങനെ മറികടന്നു എന്നതിനേക്കുറിച്ചും ബോളിവുഡ് നടൻ സഞ്ജയ് ദത്ത് യൂട്യൂബർ രൺവീർ അലഹബാദിയയോട് പറഞ്ഞത് ഇങ്ങനെയാണ്. തന്നെ ഭയപ്പെടുത്തിയ രോഗത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയായിരുന്നു താരം.

.”2020 ഓ​ഗസ്റ്റിലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ശ്വാസകോശാർബുദത്തിന്റെ നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു രോ​ഗം തിരിച്ചറിയുമ്പോൾ. സഹോദരി പ്രിയയാണ് ഈ വിവരം തന്നെ അറിയിച്ചതെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. അന്ന് ശ്വസിക്കാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഡോക്ടറെ വിളിച്ചു. എക്സ് റേ എടുത്തപ്പോൾ ശ്വാസകോശത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടു. അത് പുറത്തെത്തിക്കണമായിരുന്നു. ട്യൂബർക്കുലോസിസ് ആണെന്നാണ് കരുതിയത്. പക്ഷേ അത് അർബുദമായി മാറുകയായിരുന്നു”. താരം പറഞ്ഞു.

എങ്ങനെ അത് എനിക്കുള്ളിൽ കടന്നു എന്നതായിരുന്നു മനസിലാകാതിരുന്ന കാര്യം. എന്റെ ഭാര്യയേയും കുഞ്ഞുങ്ങളേയും ജീവിതത്തേക്കുറിച്ചുമോർത്ത് രണ്ടും മൂന്നും മണിക്കൂർ കരഞ്ഞിട്ടുണ്ട്. നടൻ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് ഒരു ഡോക്ടറേക്കുറിച്ച് പറഞ്ഞത്. ചികിത്സ നടക്കുമ്പോൾ മുടി കൊഴിയുമെന്നും ഛർദിക്കാൻ വരുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. ദുബായിൽ കീമോ തെറാപ്പിക്ക് പോയപ്പോൾ രണ്ടോ മൂന്നോ മണിക്കൂർ ബാഡ്മിന്റൺ കളിച്ചിരുന്നുവെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

എനിക്കും കുടുംബത്തിനും രോ​ഗത്തിന്റെ അവസാന ആഴ്ചകൾ വളരെ കഠിനമായാണ് കടന്നുപോയത്. തന്റെയും കുടുംബത്തിന്റേയും ആരോ​ഗ്യവും ക്ഷേമവുമാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേർത്തു.

സഞ്ജയ് ദത്ത് വില്ലൻ വേഷത്തിലെത്തിയ കെ.ജി.എഫ്: ചാപ്റ്റർ 2 തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുമ്പോഴാണ് തന്റെ പ്രതിസന്ധിഘട്ടത്തേക്കുറിച്ച് അദ്ദേഹം മനസ് തുന്നത്. രോ​ഗമുക്തി നേടി സെറ്റിലെത്തിയ അദ്ദേഹത്തിന് സൗകര്യപ്രദമായ അന്തരീക്ഷമൊരുക്കാൻ തങ്ങൾ ശ്രമിച്ചിരുന്നുവെന്നും എന്നാൽ പെർഫെക്ഷനുവേണ്ടി അതെല്ലാം സഞ്ജയ ദത്ത് വേണ്ടെന്ന് വയ്ക്കുകയുമായിരുന്നെന്ന് കെ.ജി.എഫിന്റെ അണിയറപ്രവർത്തകർ ഈയിടെ വെളിപ്പെടുത്തിയിരുന്നു. അധീര എന്ന കഥാപാത്രമായാണ് അദ്ദേഹം കെ.ജി.എഫ്-2 ലെത്തിയത്.