അടിമാലിയിൽ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ചുപോയ വീട്ടമ്മ ആശുപത്രിയിൽ മരിച്ചു

0

കോട്ടയം: അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശിനി ലൈലാമണി (56) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 4.30 തോടെയാണ് മരിച്ചത്. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളർന്ന ലൈലാമണിയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ മാസം 17നാണു കണ്ടെത്തിയത്.

ഇവരുടെ ഒപ്പം ഉണ്ടായിരുന്ന മാത്യുവാണു 16നു കാറില്‍ ഉപേക്ഷിച്ചു പോയത് എന്നാണു ലൈലാമണി പൊലീസിനോട് പറഞ്ഞത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കാറില്‍ അവശനിലയിലായിരുന്ന ലൈലാമണിയെ ഓട്ടോ ഡ്രൈവറാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു.

രണ്ട് ദിവസമാണ് ജലപാനം പോലും ഇല്ലാതെ ഇവര്‍കാറില്‍ കഴിഞ്ഞത്. കാര്‍ രണ്ട് ദിവസമായി ഒരേ സ്ഥലത്ത് തന്നെ കിടക്കുന്നത് കണ്ടാണ് ഓട്ടോ ഡ്രൈവര്‍ കാര്‍ പരിശോധിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി കാര്‍ തുറന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു..കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകും വഴിയാണ് ഇവരെ പൊലീസ് സ്റ്റേഷന് സമീപം മാത്യു ഉപേക്ഷിച്ചത്. 18ന് മകന്‍ മഞ്ജിത് എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.