ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികൾ അബുദാബി രാജകുടുംബത്തിന്

0

അബുദാബി: പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു. 100 കോടി ഡോളർ അതായത്7200 കോടി രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനുമായ ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പാണ് ലുലു ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ നിക്ഷേപം നടത്തിയത്. അബുദാബിയിലെ പ്രമുഖ ഇൻവെസ്റ്റിങ് കമ്പനിയാണ് റോയൽ ഗ്രൂപ്പ്. യു.എ.ഇ.യിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് തഹ് നൂൻ.

ഓഹരി കൈമാറ്റം സംബന്ധിച്ച് ലുലു ഗ്രൂപ്പോ റോയൽ ഗ്രൂപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എ.ഇ.യും ഇന്ത്യയും ഉൾപ്പെടെ 22 രാജ്യങ്ങളിലായി 188 റീട്ടെയിൽ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പർ മാർക്കറ്റ് ശൃഖലകളിലൊന്നാണ്.