ധ്രുവ് രത്തെയുടെ വിലക്ക് പിന്‍വലിച്ച് ഫേസ്ബുക്ക്

0

ഡൽഹി: രാഷ്ട്രീയ നിരീക്ഷകന്‍ ധ്രുവ് രത്തെക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് ഫേസ്ബുക്ക്. മുപ്പത് ദിവസത്തേക്കായിരുന്നു ഫേസ്ബുക്ക് ധ്രുവിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ട്വിറ്റര്‍ പേജിലൂടെയാണ് തനിക്ക് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു എന്ന് ധ്രുവ് അറിയിച്ചത്. മുപ്പത് ദിവസത്തേക്ക് തന്നെ ഫേസ്ബുക്ക് വിലക്കിയെന്ന് കാണിച്ച് തിങ്കളാഴ്ച രാവിലെയാണ് ധ്രുവ് രത്തെ ട്വീറ്റ് ചെയ്തത്.

ഹിറ്റ്‌ലറുടെ ജീവചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ധ്രുവ് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് വിലക്കിന് കാരണമെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ‘ചുവന്ന വരയില്‍ താന്‍ രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കൂ’ എന്ന് പറഞ്ഞായിരുന്നു ചില പാരഗ്രാഫുകള്‍ അദ്ദേഹം പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു് ഫേസ്ബുക്ക് ധ്രുവിന്റെ പേജിന് വിലക്കേര്‍പ്പെടുത്തിയത്.

തന്റെ പോസ്റ്റ് ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരായതുകൊണ്ടാണ് പേജിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ധ്രുവ് രത്ത് ആരോപിച്ചിരുന്നു. തന്റെ പോസ്റ്റില്‍ ആക്ഷേപകരമായ രീതിയില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ധ്രുവ് പറഞ്ഞു.

തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന്‌ കാരണം തന്റെ ഫേസ്ബുക്ക് പേജ് മോദിയുടെ ഔദ്യോഗിക പേജ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ പ്രധാന പേജുകളുടെ എന്‍ഗേജ്മെന്റ് റേറ്റുകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാണെന്ന് ധ്രുവ് രത്തെ ട്വീറ്റ് ചെയ്തിരുന്നു.

ഇത് സാമൂഹ്യമാധ്യങ്ങളില്‍ ചര്‍ച്ച ആയതോടെയാണ് വിലക്ക് പിന്‍വലിച്ച് ധ്രുവിന്റെ ഫേസ്ബുക്ക് പേജ് പുനസ്ഥാപിച്ചത്.തെറ്റിദ്ധാരണകള്‍കൊണ്ടാണ് വിലക്ക് സംഭവിച്ചതെന്നും പരിശോധനകള്‍ക്ക് ശേഷം പേജ് പുനസ്ഥാപിച്ചെന്നും ഒരു തരത്തിലുള്ള ബ്ലോക്കുകളും പേജിനില്ലെന്നും ഫേസ്ബുക്ക് പറഞ്ഞു