നടന്‍ ലാലു അലക്‌സ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

0

ദുബായ്: ചലച്ചിത്ര നടന്‍ ലാലു അലക്‌സ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ റാഷിദില്‍ നിന്ന് അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

യുഎഇയുടെ ബഹുമതി സ്വീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തില്‍ ലഫ്. കേണല്‍ മുഹമ്മദ് അല്‍ റാഷിദ് നയീം മൂസ, ജേക്കബ് മാത്യൂ എന്നിവരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ഗോള്‍ഡന്‍ വിസ. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, പ്രണവ് മോഹന്‍ലാല്‍, മീര ജാസ്മിന്‍, ലെന, അമലാ പോള്‍, മീന എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.