വീരമൃത്യു വരിച്ച ജവാന് അന്ത്യ വിശ്രമം കൊള്ളാൻ അരയേക്കർ ഭൂമി നൽകി നടി സുമലത

1

ബെംഗ്‌ളൂരു: പുല്‍വാമാ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ എച്ച്. ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി നല്‍കി നടി സുമലത. രുവിനെ സംസ്‌കരിക്കാന്‍ കുടുംബത്തിന് സ്വന്തമായി ഭൂമിയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഗുരുവിന്റെ സംസ്ഥാന സര്‍ക്കാര്‍ ഗുരുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. ഇതറിഞ്ഞ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കർ ഭൂമി ദാനം നൽകിയിരിക്കയാണ് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത.

കർണാടകയുടെ മകൾ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകൾ എന്ന നിലയിലുമാണ് താൻ ഭൂമി ദാനം ചെയ്യുന്നതെന്നും സുമലത അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
മകന്‍ അഭിഷേകിന്റെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് മലേഷ്യയിലാണ് സുമലതയിപ്പോള്‍. ‘അഭിഷേകും ഞാനും ചേര്‍ന്നാണ് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഗുരുവിന്റെ അന്ത്യകര്‍മങ്ങള്‍ അവിടെ വച്ച് കുടുംബാംഗങ്ങള്‍ നടത്തട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഭൂമി കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. മലേഷ്യയില്‍ നിന്ന് തിരികെ വന്നതിന് ശേഷം അവരെ ഞാന്‍ നേരിട്ട് കാണും’- സുമലത പറഞ്ഞു.

ആറു മാസം മുൻപായിരുന്നു ജവാനായ മണ്ഡ്യ സ്വദേശി എച്ച്. ഗുരുവിന്റെയും (33) കലാവതിയുടെയും വിവാഹം. ഭാര്യ നാലുമാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു പുൽവാമ ഭീകരാക്രമണത്തിൽ ഗുരുവിന്റെ വീരമൃത്യു.കർണാടകയിൽ മണ്ഡ്യയ്ക്കടുത്ത് മെല്ലഹള്ളി സ്വദേശിയാണ് എച്ച് ഗുരു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. അലക്കുകട നടത്തിയാണ് ഗുരുവിന്റെ അച്ഛന്‍ ഹൊന്നയ്യ കുടുംബം പുലര്‍ത്തിയിരുന്നത്. അതിനിടെയാണ് ഗുരുവിന് സി.ആര്‍.പി.എഫില്‍ ജോലി ലഭിക്കുന്നത്.