കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രദേശത്ത് പന്നിയിറച്ചി വിൽപ്പനക്ക് നിരോധനം

0

കോട്ടയം: പക്ഷിപ്പനിക്ക് പിന്നാലെ സംസ്ഥാനത്ത് വിനയായി ആഫ്രിക്കൻ പന്നിപ്പനിയും. കോട്ടയം മീനച്ചിൽ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന നിരോധിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ചു. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ഉന്മൂലനം ചെയ്ത് സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി. പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ്മസേന രൂപീകരിച്ചു.ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്റിനറി ഓഫീസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു. ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.