ഇന്ത്യ-ദോഹ റൂട്ടില്‍ നേരിട്ടുള്ള അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ

1

ദോഹ: ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചത്. നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് ഓഗസ്റ്റ് മുതലുള്ള അധിക സര്‍വീസുകള്‍.

ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ദോഹ-കൊച്ചി സര്‍വീസുകള്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും കൊച്ചി-ദോഹ സര്‍വീസുകള്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണുള്ളത്. മൂന്ന് സെക്ടറുകളിലേക്കും 450 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ കാണിക്കുന്നത്. ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍ വന്നതോടെ സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്.