പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത: കുറഞ്ഞ നിരക്കില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് പറക്കാം

0

ദുബായ്: ദുബായില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം. ദുബായില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിന് പുറമെ മംഗളൂരു, ദില്ലി, ലക്‌നൗ എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. കൊച്ചിയിലേക്ക് 380 ദിര്‍ഹം, കോഴിക്കോടേക്ക് 269 ദിര്‍ഹം, തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹം, മംഗളൂരുവിലേക്ക് 298 ദിര്‍ഹം എന്നിങ്ങനെയാണ് ദുബൈയില്‍ നിന്നുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. കോഴിക്കോടേക്ക് ആഴ്ചയില്‍ 13 സര്‍വീസുകളും ഉണ്ടാകും. കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് അഞ്ചും സര്‍വീസുകളാണ് ഉണ്ടാകുക. മുബൈ 279 ദിര്‍ഹം, ദില്ലി 298 ദിര്‍ഹം, അമൃത്സര്‍ 445 ദിര്‍ഹം, ജയ്പൂര്‍ 313 ദിര്‍ഹം, ലക്‌നൗ 449 ദിര്‍ഹം, ട്രിച്ചി 570 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

അതേസമയം ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സൗദി അറേബ്യയിൽനിന്ന് പ്രതിദിനം 38 സ്‍പെഷ്യൽ സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ വിമാന കമ്പനി. സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ അദീൽ.

സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകളിൽനിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം നടത്തുക. മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി കണ്ടു അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന നിലയിലാണ് വിമാന സർവീസുകൾ നടത്തുന്നത്. ജിദ്ദയിൽനിന്ന് ആറും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് 16 വീതവും സർവീസുകളാണ് ദോഹയിലേക്ക് ഫ്ലൈ അദീൽ നടത്തുക. ഈ സർവീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.