‘ചില ഭരണാധികാരികള്‍ ജനജീവിതം ദുസ്സഹമാക്കും’; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

0

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് വൈറലാകുന്നു. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗോടെ ദുബൈ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ്പറയുന്നത്.

ഒന്നാമത്തെ കൂട്ടര്‍ എല്ലാ നന്മകളുടെയും വഴികാട്ടിയാണെന്നും രണ്ടാമത്തെ കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം.കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികള്‍ പറയുന്നത്. ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ (ഭരണാധികാരികള്‍) രണ്ടു തരക്കാരാണ്. ഒന്നാം വിഭാഗം എല്ലാത്തരം നന്മകള്‍ക്കും വഴിതുറക്കുന്നവരാണ്. ജനങ്ങള്‍ക്ക് സേവനം ചെയ്യല്‍ അവര്‍ക്ക് അങ്ങേയറ്റം പ്രിയങ്കരമാണ്. അവരുടെ ജീവിത സൗഭാഗ്യം ജനജീവിതം എളുപ്പകരമാക്കുന്നതിലാണ്. മനുഷ്യന് നല്‍കുന്നതിലും അവന് വേണ്ടി സമര്‍പ്പിക്കുന്നതിനെയുമാണ് അവര്‍ അമൂല്യമായി കണക്കാക്കുന്നത്. അവരുടെ യഥാര്‍ത്ഥ നേട്ടം ജനങ്ങളുടെ ജീവിതം ഏറ്റവും ശ്രേഷ്ഠമാക്കുന്നതാണ്. അവര്‍ വാതിലുകള്‍ തുറക്കുന്നു (അവസരങ്ങള്‍ സൃഷ്ടിക്കുന്നു) , പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സമര്‍പ്പിക്കുന്നു, ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതിനായി എപ്പോഴും നെട്ടോട്ടമോടുന്നു.