ഓണക്കാലത്ത് ഗള്‍ഫ് പ്രവാസികള്‍ക്ക് ആശ്വാസം; അധിക വിമാന സര്‍വീസുമായി എയർ ഇന്ത്യ

0

ഈ ഓണക്കാലം പ്രവാസികൾക്ക് ആശ്വസിക്കാം, യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കും തിരിച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വഴി കൊച്ചിയിലേക്കുമാണ് പ്രത്യേക സര്‍വീസ്.

ഐ.എക്സ് 417 വിമാനം സെ‍പ്‍തംബര്‍ ആറിന് പുലര്‍ച്ചെ 1.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. പ്രാദേശിക സമയം രാവിലെ 4.00ന് അബുദാബിയിലെത്തിച്ചേരും. തിരിച്ച് ഐ.എക്സ് 450 വിമാനം പുലര്‍ച്ചെ അഞ്ച് മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെടും. രാവിലെ പ്രാദേശിക സമയം 10.40ന് തിരുവനന്തപുരത്തും 12.20ന് കൊച്ചിയിലുമെത്തിച്ചേരും.

ഓണക്കാലത്തെ യാത്രാബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ഓണത്തോടൊപ്പം വേനലവധി അവസാനിക്കുന്ന സമയം കൂടിയായതിനാല്‍ ഗള്‍ഫിലേക്കുള്ള വിമാനങ്ങളില്‍ തിരക്കേറിയ സമയമാണിപ്പോള്‍.