ബോംബ് ഭീഷണി; മുംബൈ – ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

0

ന്യൂഡൽഹി/ലണ്ടൻ ∙ ബോംബു ഭീഷണിയെ തുടർന്ന് മുംബൈയില്‍നിന്ന് അമേരിക്കയിലേക്കുള്ള എയർ ഇന്ത്യ വിമാനം (AI 191) അടിയന്തിരമായി ലണ്ടനിൽ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്.

സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. വിമാനം നിലത്തിറക്കിയ കാര്യം എയര്‍ ഇന്ത്യ ട്വീറ്റ്ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു.

മൂന്നരമണിക്കൂര്‍ വൈകി പുലര്‍ച്ചെ 4.50നാണ് വിമാനം മുംബൈയില്‍നിന്നു പറന്നുയര്‍ന്നത്. യു.കെ വ്യോമപരിധിയില്‍ എത്തിയ ശേഷമാണ് വിമാനം അടിയന്തരമായി ഇറക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെയാണ് വിമാനം തിരിച്ചിറക്കിയത്.

ടൈഫൂണ്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം കണ്ടെത്തി നിലത്തിറക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ വിഭാഗം വ്യക്തമാക്കി.

രാവിലെ 10.15 ഓടെയാണ് വിമാനം ഇറങ്ങിയതെന്ന് സ്റ്റാന്‍സ്റ്റഡ് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാപരിശോധനയ്ക്കായി പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയെന്നും വിമാനത്താവളത്തിലേയും അന്താരാഷട്ര ടെര്‍മിനലിലേയും പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.