ബസിൽവച്ച് പരിചയപ്പെട്ടു, പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 2 പേർ പിടിയിൽ

0

ആലപ്പുഴ∙ മഹിളാമന്ദിരത്തിൽനിന്നു കാണാതായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ടു പേർ പിടിയിൽ. പെൺകുട്ടികളെ ചാലക്കുടിയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച തൃശൂർ ചീയാരം സ്വദേശി ജോമോൻ, തൃശൂർ അളകപ്പനഗർ സ്വദേശി ജോമോൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചാലക്കുടിയിൽനിന്നു കണ്ടെത്തിയ പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിനിരയായതായി വ്യക്തമായത്.

മൂന്നുദിവസം മുൻപാണ് ആലപ്പുഴയിലെ മഹിളാ മന്ദിരത്തിൽനിന്നു രണ്ടു പെൺകുട്ടികളെ കാണാതായത്. ഇവരെ പിറ്റേന്ന് വൈകിട്ട് ചാലക്കുടിയിൽനിന്നു കണ്ടെത്തി. ഇരുവരെയും ആലപ്പുഴയിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പീഡനത്തിനിരയായതായി തെളിഞ്ഞു. പെൺകുട്ടികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ബസിൽവച്ചാണ് ഇവർ പെൺകുട്ടികളെ പരിചയപ്പെട്ടത്. തുടർന്ന് വൈറ്റില ബസ് സ്റ്റാൻഡിലെത്തി. അവിടെനിന്ന് ചാലക്കുടിയിലെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. പീഡനത്തിനിരയായ ഒരു പെൺകുട്ടി പോക്സോ കേസിലെ ഇരയാണ്. മഹിളാ മന്ദിരത്തിന്റെ മതിൽ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് സിഐ എസ് അരുണിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.