മൈതാനം ശൂന്യമായി…; ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ താരമേ…വിട

0

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.

അര്‍ജന്റൈന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം…സർവോപരി ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവ് ഫുട്‌ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരം ഇതൊക്കെയായിരുന്നു നമുക്ക് മറഡോണ.

ബ്യൂണസ് അയേഴ്‌സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു 1960 ഒക്ടോബര്‍ 30 ന് മറഡോണ ജനിച്ചത്. അര്‍ജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയില്‍ നിന്നും ബ്യൂണസ് അയേഴ്‌സിലേക്ക് കുടിയേറിയതായിരുന്നു മറഡോണയുടെ കുടുംബം. 16 വയസാവുന്നതിനു മുന്‍പേ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനു വേണ്ടി ഒന്നാം ഡിവിഷണില്‍ കളിക്കാനാരംഭിച്ചു. അര്‍ജന്റീന പ്രൊഫഷണല്‍ ലീഗില്‍ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ മറഡോണയായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി മറഡോണ 167 മത്സരങ്ങള്‍ കളിക്കുകയും അതില്‍ നിന്ന് 115 ഗോളുകള്‍ നേടുകയും ചെയ്തു.

1986ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായി.ഈ ലോകകപ്പാണ് ഇദ്ദേഹത്തെഏറ്റവും അവിസ്മരണീയനാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തുസെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്.ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു.

1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. ചാമ്പ്യന്മാരായ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ പക്ഷേ കാമറൂണ്‍ അട്ടിമറിച്ചു. കഷ്ടിച്ച് ഫൈനല്‍ വരെ എത്തിയ ടീം പശ്ചിമ ജര്‍മനിയോട് തോറ്റു. രാജ്യത്തിനായി നാലു ലോകകപ്പുകള്‍ കളിച്ച മാറഡോണ 21 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജന്റീനയ്ക്കായി 91 മത്സരങ്ങളില്‍ നിന്ന് 34 തവണ അദ്ദേഹം സ്‌കോര്‍ ചെയ്തു.

പിന്നീട് 1991 മാര്‍ച്ച് 17-ന് ഒരു ഫുട്ബോള്‍ മത്സരത്തിന് ശേഷം നടന്ന പരിശോധനയില്‍ താരം കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് 15 മാസത്തെ ലക്ക്. അര്‍ജന്റീനയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ കൊക്കെയ്ന്‍ കൈവശം വെച്ചതിന് താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചു. 1992-ല്‍ വിലക്ക് അവസാനിച്ചെങ്കിലും നാപ്പോളിക്ക് കളിക്കാന്‍ മറഡോണ കൂട്ടാക്കിയില്ല.

പിന്നീടങ്ങോട്ട് വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അർജന്റീനയുടെ ആരാധകനായി മറഡോണ ഗാലറിയിൽ നിറഞ്ഞുമെല്ലാംമാണ് നാം കണ്ടത്. 2008-ല്‍ അദ്ദേഹത്തെ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. 2010 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റ് അര്‍ജന്റീന ടീം പുറത്താ തോടെ മാറഡോണയുമായുള്ള കരാര്‍ അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ പുതുക്കിയില്ല. പിന്നീട് അല്‍ വാസല്‍, ഡിപോര്‍ട്ടിവോ റിയെസ്ട്ര, ഫുജെയ്റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു.