തെക്കന്‍ കേരളത്തില്‍ കനത്ത മഴ; ഇന്നും നാളെയും 11 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

0

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ മഴ തുടങ്ങി, ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു തുടങ്ങി. ആലപ്പുഴ ചങ്ങനാശ്ശേരി എ സി റോഡില്‍ വെള്ളമുയര്‍ന്നു. കൊല്ലത്തെ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ച് ഉയര്‍ത്തിയിട്ടുണ്ട്.

നിലവിൽ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ കുടുതൽ ഉയർത്തി. മറ്റിടങ്ങളിൽ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 11 ജില്ലകളില്‍ ഓറഞ്ച് അലർട്ടായതിനാൽ ജാഗ്രത തുടരും.

സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രാവിലെ മഴ കുറവാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും ജാഗ്രതാ നിർദ്ദേശമുണ്ട്. കോഴിക്കോടും കാസർകോടും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പതിനൊന്ന് ജില്ലകളിൽ ഇന്ന് ഓറ‌ഞ്ച് അലർട്ടാണ്.

ആലപ്പുഴയില്‍ തുടര്‍ച്ചയായ കനത്ത മഴയില്ല. എന്നാല്‍ ഇടവിട്ട് കനത്തമഴ പെയ്യുന്നുണ്ട്. കഴിഞ്ഞരാത്രി മഴ പെയ്തിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മഴ വീണ്ടും പെയ്യുകയായിരുന്നു. 19 പാടശേഖരങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നു. തുടര്‍ന്ന് ജനവാസ മേഖലകളിലും എ സി റോഡിലും വെള്ളം കയറിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കൊല്ലത്തിന്റെ കിഴക്കൻ മേഖലകളിൽ നല്ല മഴയാണ്. തിരുവനന്തപുരത്ത് മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതൽ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. 26,500 പേർ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.