സീതയായി ആലിയ ഭട്ട്; രാജമൗലി ചിത്രം ആർആർആർ ക്യാരക്‌ടർ പോസ്റ്റർ പുറത്ത്

0

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിലെ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക്‌ പുറത്ത് വിട്ടു. ബാഹുബലി രണ്ടാം ഭാ​ഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് ‘ആര്‍ആര്‍ആര്‍’.

ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രം രാജമൗലി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. രാമ രാജുവിന് വേണ്ടി നിശ്ചയദാർഢ്യത്തോടെ സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കുമെന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയയുടെ ചിത്രം രാജമൗലി പങ്കുവെച്ചിരിക്കുന്നത്. ആലിയയുടെ പിറന്നാൾ ദിനത്തിലായിരുന്നു ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. 2021 ഒക്ടോബർ 13 നാണ് ചിത്രത്തിന്‍റെ റിലീസ്. തീയുടെയും ജലത്തിന്‍റെയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് രാജമൗലി തന്‍റെ ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.