കൺമണിക്ക് പേരിട്ട് ആലിയയും രൺബീറും

0

ആലിയ ഭട്ട്–രൺബീര്‍ കപൂർ ദമ്പതികളുടെ മകൾക്ക് പേരിട്ടു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം സഹിതം ആലിയ പേരും പങ്കുവച്ചത്. റാഹ എന്നാണ് ആലിയയും രൺബീറും മകൾക്ക് നൽകിയിരിക്കുന്ന പേര്. രൺബീറിന്റെ അമ്മ നീതു കപൂർ ആണ് കുഞ്ഞിന് പേരിട്ടതെന്നും ആലിയ പറയുന്നുണ്ട്.

റാഹ എന്ന പേരിട്ടത് അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയാണെന്നും മനോഹരമായ നിരവധി അർഥങ്ങൾ ആ പേരിനുണ്ടെന്നും ആലിയ പറഞ്ഞു. വിവിധ ഭാഷകളിൽ റാഹ എന്ന പേരിന്റെ അർഥവും ആലിയ പങ്കുവയ്ക്കുന്നുണ്ട്.

സ്വാഹിലിയിൽ ദൈവികമെന്നും ബംഗാളിയില്‍ സൗഖ്യം, സമാധാനം എന്നും അറബിയിൽ സമാധാനം എന്നും കൂടാതെ സന്തോഷം, സ്വാതന്ത്ര്യം എന്നുമൊക്കെ റാഹ എന്ന പേരിന് അർഥമുണ്ടെന്ന് ആലിയ പറയുന്നു. നവംബർ 6-നായിരുന്നു താര ദമ്പതികൾ പെൺകുഞ്ഞിനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.