പുതുമയുള്ള ഒരു പ്രമേയത്തെ രസകരമായ അവതരണത്തിലൂടെ ഒരു നല്ല എന്റർടൈനർ ആക്കി മാറ്റിയിട്ടുണ്ട് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ഒരു പുതുമുഖ സംവിധയകനെന്ന നിലക്ക് അയാളുടെ മികച്ച തുടക്കം തന്നെയായി വിലയിരുത്താവുന്നതാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ.

സുരാജ് വെഞ്ഞാറമൂട് നിറഞ്ഞാടിയ സിനിമ എന്ന് തന്നെ പറയാം. സുരാജിന്റെ ഈ വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണ്.

യമണ്ടൻ പ്രേമ കഥയിലെ ഫ്രാൻസിസ് എന്ന ചെറു വേഷം തൊട്ട് ‘ഫൈനൽസി’ലെ വർഗ്ഗീസ് മാഷും, വികൃതിയിലെ എൽദോയും കഴിഞ്ഞു ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്ക്കര പൊതുവാൾ വരെ എത്തി നിക്കുമ്പോൾ സുരാജ് എന്ന നടന്റെ ഗ്രാഫ് വീണ്ടും ഉയരത്തിലേക്ക് എത്തിനിക്കുന്നു.

വാർദ്ധക്യ കാലത്ത് ഒറ്റപ്പെട്ടു പോകുന്നുവെന്ന ചിന്തകളും മകനോടുള്ള സ്നേഹവും അതിലുപരി ഒന്നിനോടും വിട്ടു വീഴ്ചയില്ലാത്ത സ്വഭാവങ്ങളും തന്റേതായ ശാഠ്യങ്ങളും കുറുമ്പുകളുമൊക്കെ കൊണ്ട് സങ്കീർണ്ണമാണ് ഭാസ്ക്കര പൊതുവാളിന്റെ മാനറിസം. ചുറ്റും നടക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനും അംഗീകരിക്കാനും വിമുഖത കാണിക്കുന്ന ഒരു സ്വഭാവം. മനുഷ്യർക്കാർക്കും ഒത്തു പോകാൻ പറ്റാത്ത ഈ ഒരു സ്വഭാവത്തെ അംഗീകരിക്കാൻ സാധിക്കുന്നത് കുഞ്ഞപ്പൻ എന്ന യന്ത്ര മനുഷ്യന് മാത്രമാണ്.

ശാസ്ത്ര പുരോഗതികളെയും പുതിയ മാറ്റങ്ങളെയും ഉൾക്കൊള്ളാതിരുന്ന ഭാസ്ക്കര പൊതുവാളിനു ഒടുക്കം അതിനോടൊക്കെ വലിയ മതിപ്പുണ്ടാകുന്നുണ്ട്. മകന് പകരക്കാരനായി കുഞ്ഞപ്പനെന്ന യന്ത്ര മനുഷ്യൻ മതിയെന്ന മട്ടിലേക്ക് കാര്യങ്ങൾ മാറി മറയുന്നു. ഭാസ്ക്കര പൊതുവാളിനു കുഞ്ഞപ്പനോട് തോന്നുന്ന ആത്മബന്ധമൊക്കെ രസകരവും ഹൃദ്യവുമായി ചിത്രീകരിച്ചു കാണാം സിനിമയിൽ.

യന്ത്രങ്ങൾക്ക് ഒരിക്കലും മനുഷ്യന് പകരക്കാരാനാകില്ല, മനുഷ്യന്റെ വികാര വിചാരങ്ങൾ യന്ത്രങ്ങൾക്കില്ല എന്നത് തന്നെയാണ് അതിന്റെ കാരണം. അത് മനുഷ്യനെ ബോധ്യപ്പെടുത്താനും ഒരു യന്ത്ര മനുഷ്യൻ വേണ്ടി വന്നു എന്നതാണ് ഇക്കഥയിലെ രസകരമായ വിരോധാഭാസം.

ഭാവിയിൽ നിങ്ങൾക്ക് ജീവിക്കണമെങ്കിൽ മതബോധവും ജാതിബോധവുമൊന്നും ഉണ്ടാകാൻ പാടില്ല എന്ന് ഒരു യന്ത്ര മനുഷ്യൻ പറയുമ്പോൾ വികാര വിചാരങ്ങളുള്ള മനുഷ്യൻ അത് അംഗീകരിക്കുമോ അതോ തല കുനിക്കുമോ എന്നറിയില്ല.

ശാസ്ത്ര പുരോഗതികളെ ഉൾക്കൊള്ളാതെ, അതൊന്നും ഉപയോഗപ്പെടുത്താതെ ഒരു മനുഷ്യനും മുന്നോട്ട് ജീവിക്കാനാകില്ല എന്ന് ഉറപ്പ് പറയുന്ന അതേ സമയത്ത് തന്നെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശാസ്ത്രത്തിന്റെ പരിമിതികളും അനുഭവപ്പെടുത്തുന്നുണ്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.

ആ തലത്തിൽ ചിരിക്കാനും ഇടക്കിത്തിരി ചിന്തിക്കാനുമൊക്കെ വകുപ്പുള്ള സിനിമ കൂടിയാണിത്. ഒരു പുതുമുഖ സംവിധായകന്റെ പുതുമയുള്ള സിനിമ എന്ന നിലക്ക് ഇഷ്ടപ്പെട്ടു.