കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; ദൃശ്യങ്ങൾ

0

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായതോടെ പ്രദേശവാസികൾ ഭീതിയിൽ. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇരുപത്തിയേഴാം മൈലിൽ സെമിനാരി വില്ലയോട് ചേർന്ന് വനത്തിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലാണുള്ളത്.

സംസ്ഥാനത്ത് പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. പതിനാറ് പേര്‍ ബോട്ടിലുണ്ടായിരുന്നു. ആറുപേരെ കാണാതായി. പത്തുപേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ മധ്യ – തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടും മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.