ഓസ്ട്രേലിയയ്ക്ക് 6–ാം കിരീടം

0

ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി.

ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. പതിവിനു വിപരീതമായി ബുംറയ്ക്കൊപ്പം ഷമിയാണ് ഇന്ത്യൻ ബൗളിംഗ് ഓപ്പൺ ചെയ്തത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ വാർണറെ (7) സ്ലിപ്പിൽ കോലിയുടെ കൈകളിലെത്തിച്ച് ഷമി ക്യാപ്റ്റൻ്റെ തീരുമാനത്തെ ശരിവച്ചു. മൂന്നാം നമ്പറിൽ മിച്ചൽ മാർഷ് ചില കൂറ്റൻ ഷോട്ടുകളടിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 15 റൺസ് നേടിയ മാർഷിനെ ബുംറയുടെ പന്തിൽ കെഎൽ രാഹുൽ പിടികൂടി. നാലാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കുകയും ചെയ്തു.

തുടർന്ന് നാലാം വിക്കറ്റിൽ ഒത്തുചേർന്ന ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നും ക്രീസിൽ ഉറച്ചു. നിരവധി തവണ ബീറ്റണായിട്ടും ഭാഗ്യം തുണച്ച ട്രാവിസ് ഹെഡ് സാവധാനം ആക്രമണ മൂഡിലേക്ക് കടന്നപ്പോൾ ലബുഷെയ്ൻ പ്രതിരോധത്തിൻ്റെ ഉറച്ച രൂപമായി. ഇന്ത്യയുടെ മൂർച്ച കുറഞ്ഞ ഫീൽഡിംഗും ബൗളിംഗും അവരുടെ ബാറ്റിംഗ് വളരെ എളുപ്പമാക്കി. 58 പന്തിൽ ഫിഫ്റ്റി തികച്ച ഹെഡ് വെറും 95 പന്തിൽ മൂന്നക്കം തികച്ചു. ഇതോടെ ഇന്ത്യ പരാജയമുറപ്പിച്ചു.

സെഞ്ചുറിക്ക് പിന്നാലെ ആക്രമണം അഴിച്ചുവിട്ട ഹെഡ് അനായാസം ഓസീസിനെ കിരീടത്തിലേക്ക് നയിച്ചു. കളി പൂർണമായും അടിയറവ് വച്ച ഇന്ത്യൻ ടീമിൻ്റെ ശരീരഭാഷയിലും ഇത് പ്രകടമായിരുന്നു. ഇടക്കിടെ പടുകൂറ്റൻ സിക്സറുകൾ കണ്ടെത്തിയ ഹെഡ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് കളിച്ചാണ് ഓസീസിനെ ജേതാക്കളാക്കിയത്. വിജയത്തിലേക്ക് രണ്ട് റൺസ് മാത്രമുള്ളപ്പോൾ സിറാജിൻ്റെ പന്തിൽ ശുഭ്മൻ ഗിൽ പിടിച്ച് പുറത്തായെങ്കിലും നാലാം വിക്കറ്റിൽ മാർനസ് ലബുഷെയ്നുമൊത്ത് ഹെഡ് 192 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. ലബുഷെയ്നും (58) ഗ്ലെൻ മാക്സ്‌വലും (2) നോട്ടൗട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.