ബാലഭാസ്‍കറിന്‍റെ മരണം; അപകടകാരണം അമിത വേഗമെന്ന് സാങ്കേതിക പരിശോധനാ ഫലം

0

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് അമിത വേഗം മൂലമാണെന്ന് സാങ്കേതിക പരിശോധനാ ഫലം. മോട്ടോര്‍വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

അപകട സമയത്ത് കാറിന്റെ വേഗം 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരുന്നുവെന്നാണ് സാങ്കേതിക വിദഗ്ധരുടെ കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അപകടം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അപകടത്തിൽപ്പെട്ട ഇന്നോവ കാറിന്‍റെ സ്പീഡോമീറ്റർ 100 കിലോമീറ്റര്‍ വേഗതിയിൽ നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയാൽ റോഡിന് ചരിവുള്ളതുകൊണ്ട് വാഹനം എതിർ ദിശയിലേക്ക് മാറി അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാങ്കേതിക വിഭാഗത്തിന്‍റെ റിപ്പോർട്ട്.

മുൻ വശത്ത് ഇടത് സീറ്റിലിരുന്ന യാത്രക്കാരൻ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫൊറൻസിക് ഫലം കൂടി ലഭിച്ചശേഷം മാത്രമേ ആരായിരുന്നു വാഹനമോടിച്ചിരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുകയുള്ളു.

2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.