പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം ബെന്യാമിന്

0

മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യകാരന്‍ ബെന്യാമിന്‍ അര്‍ഹനായി. മലയാള വിഭാഗം കണ്‍വീനര്‍ പി. ശ്രീകുമാര്‍ കേരളോല്‍സവവേദിയില്‍ വെച്ചാണ് പ്രഖ്യാപനം നടത്തിയത്.

ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. മലയാളം വിങ്ങിന്റെ രജത ജൂബിലിയുടെ സമാപന ചടങ്ങില്‍ ബെന്യാമിന്‍ അവാര്‍ഡ് സ്വീകരിക്കും. മസ്‌കറ്റിലെ റൂവിയിലുള്ള അല്‍ ഫെലാജ് ഹോട്ടലില്‍ ജനുവരി 28 നാണു മലയാളം വിഭാഗത്തിന്റെ രജത ജൂബിലി സമാപന സമ്മേളനം നടക്കുന്നതെന്നും ശ്രീകുമാര്‍ അറിയിച്ചു.

പെരുമ്പടവം ശ്രീധരന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.വി ദേവന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, സേതു, സി. രാധാകൃഷ്ണന്‍, കെ.എല്‍ മോഹനവര്‍മ്മ, എന്‍.എസ് മാധവന്‍, സക്കറിയ, ആലങ്കോട് ലീലാകൃഷ്ണന്‍, കല്‍പ്പറ്റ നാരായണന്‍, അക്ബര്‍ കക്കട്ടില്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, സുഭാഷ് ചന്ദ്രന്‍, പ്രൊഫസര്‍ വി മധുസൂദനന്‍ നായര്‍, ടി ഡി രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രൊഫസര്‍ എം. എന്‍ കാരശ്ശേരി തുടങ്ങിയ മലയാളത്തിന്റെ പ്രശസ്തരാണ് മുന്‍ പുരസ്‌കാരജേതാക്കള്‍.