‘അച്ഛന്‍ വില്‍പത്രം എഴുതിയത് സ്വന്തം ഇഷ്ടപ്രകാരം’, ഗണേഷിന് പിന്തുണയുമായി ഇളയ സഹോദരി

0

ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. വില്‍പത്രം ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ബിന്ദു പറഞ്ഞു. മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

മരിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് അച്ഛന് ഓര്‍മക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം തയ്യാറാക്കിയത്. ഗണേഷ് ഇതില്‍ ഇടപെട്ടിട്ടില്ല. സഹോദരി ഉഷയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും അവര്‍ ബിന്ദു പ്രതികരിച്ചു. പിതാവ് ബാലകൃഷ്ണ പിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സഹോദരി ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചത്. വില്‍പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ സംശയിക്കുന്നത്. ഇക്കാര്യം അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ട്‌ പരാതി ഉന്നയിച്ചിരുന്നു.

ആദ്യ ടേമിൽ ഉറപ്പിച്ച മന്ത്രിസ്ഥാനം സ്വന്തമാക്കാൻ സ്വത്തിനെ ചൊല്ലി സഹോദരിമാരുമായുണ്ടായ തർക്കം ഗണേഷ് കുമാറിന് ഒരു തടസമായി. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഇതിനു പിന്നാലെയാണിപ്പോൾ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി രംഗത്തെത്തിയിരിക്കുന്നത്.