അതിർത്തി രക്ഷാ സേനാ സംസ്ഥാന ആഭ്യന്തര വകുപ്പോ?

0

ഇന്ത്യയുടെ അതിർത്തി രക്ഷാ സേന (BSF ) യുടെ ചുമതല നാം ഇതു വരെ മനസ്സിലാക്കിയതും നിർവ്വചിക്കപ്പെട്ടതും രാജ്യത്തിൻ്റെ അതിർത്തിയെ എല്ലാവരിൽ നിന്നും സംരക്ഷിക്കുക എന്നുള്ളത് തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ആവശ്യത്തിനായി ഈ സേനയെ വിന്യസിക്കുകയും അവർ ഉത്തരവാദിത്തത്തോട് കൂടിത്തന്നെ ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യുന്നുണ്ട്. ജീവൻ ത്യജിച്ചും സേവനം ചെയ്യുന്ന ഈ സേന നമ്മുടെ ഭാരതത്തിൻ്റെ അഭിമാനം തന്നെയാണ്. ഒരു സംസ്ഥാനത്തിൻ്റെയും ആഭ്യന്തര കാര്യങ്ങളിൽ സംസ്ഥാനം ഒദ്യോഗികമായി ആവശ്യപ്പെടാതെ ഈ സേന ഇടപെടാറില്ല എന്നത് പ്രശംസനീയമായ കാര്യമാണ്. അതു കൊണ്ട് തന്നെ സംസ്ഥാനങ്ങളുമായി ഈ സേന തികഞ്ഞ സൗഹാർദ്ദത്തിലായിരുന്നു.

എന്നാൽ കേന്ദ്ര സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് സംസ്ഥാനങ്ങളും അതിർത്തി രക്ഷാ സേനയും തമ്മിൽ അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കാൻ കാരണമായിത്തീർന്നേക്കും’ അതിർത്തി രക്ഷാ സേനയുടെ നിയന്ത്രണാധികാരവും സേവനത്തിൻ്റെ വ്യാപ്തിയും തീരുമാനിക്കാനുള്ള അധികാരം പൂർണ്ണമായും കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാണ്. അത് അവിതർക്കിതവുമാണ്. എന്നാൽ അതിർത്തി രക്ഷാ സേനയുടെ പ്രവർത്തന അധികാരം വ്യാപിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവാണ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുന്നത്.
പശ്ചിമ ബംഗാൾ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ പരിധി വരെയുള്ള സ്ഥലങ്ങളിൽ അതിർത്തി രക്ഷാ സേനയുടെ അധികാരം വ്യാപിപ്പിച്ചു കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. യഥാർത്ഥത്തിൽ ഇത് ഫെഡറൽ സങ്കല്പത്തിന് എതിരെയുള്ളതും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നു കയറ്റവുമാണ്. പഞ്ചാബ് പോലെയുള്ള ചെറിയ സംസ്ഥാനത്തിന് ഇത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.

സംസ്ഥാന മുഖ്യമന്ത്രിയെ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ തലത്തിൽ ചെറുതാക്കാൻ ഈ തീരുമാനം കാരണമായിത്തീർന്നേക്കാം. അധികാര വികേന്ദ്രീകരണത്തിൻ്റെ വർത്തമാന കാലത്ത് കേന്ദ്ര സർക്കാറിൻ്റെ തീരുമാനം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. അധികാരം മുഴുവൻ കേന്ദ്രീകരിച്ച് തൻ്റെ മാത്രം ശക്തി തെളിയിക്കാനുള്ള നരേന്ദ്ര മോഡിയുടെ മറ്റൊരു തീരുമാനം മാത്രമായിട്ടേ ഇതിനെ പരിഗണിക്കാൻ കഴിയുകയുള്ളൂ.

കേന്ദ്ര സർക്കാറിൻ്റെ ആജ്ഞാനുവർത്തികളായ ഗുജറാത്ത് സർക്കാറിന് ഇന്ന് ഇതൊരു പ്രശ്നമാവില്ല’ എന്നാൽ പഞ്ചാബിനും പശ്ചിമ ബംഗാളിനും ഈ തീരുമാനം തീർച്ചയായും തലവേദനയുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ഉത്തരവിൻ്റെ ഉദ്ദേശ്യ ശുദ്ധിയും സംശയിക്കപ്പെടേണ്ടത് തന്നെയാണ്. പ്രശ്നങ്ങൾ നില നിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഒഴിവാക്കി പഞ്ചാബിനെയും പശ്ചിമ ബംഗാളിനെയും ലക്ഷ്യം വെച്ചത് തികച്ചും രാഷ്ട്രീയ താല്പര്യത്തോട് കൂടിയാണെന്ന നിഗമനത്തിൽ എത്തിയാൽ കുറ്റം പറയാൻ കഴിയുകയില്ല.