വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ്: മറികടക്കാന്‍ ബജറ്റില്‍ പുതിയ നിര്‍ദേശം

0

തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളുടെ ഒന്നടങ്കമുള്ള പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് പ്രതിരോധിക്കാന്‍ പുതിയ നിര്‍ദേശവുമായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്ന ഉയര്‍ന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കാന്‍ ആഭ്യന്തര, വിദേശ എയര്‍ലൈന്‍ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനോടകം നടത്തിയ ചര്‍ച്ചകളെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിച്ചു.

പ്രവാസികളുടെ യാത്രാ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പാക്കാനാണ് ബജറ്റിലെ നിര്‍ദേശം. യാത്രാക്കാരുടെ ആവശ്യം പരിഗണിച്ച് അതിനനുസരിച്ച് ആവശ്യമായ സെക്ടറുകളില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതാണ് ലക്ഷ്യം.

വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സീറ്റ് അടിസ്ഥാനത്തിലുള്ള നിരക്ക് വിമാനക്കമ്പനികളില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങിയ ശേഷം പരമാവധി നിരക്ക് കുറച്ച് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സജ്ജീകരിക്കാനാവുമെന്നതാണ് പ്രതീക്ഷ. സീസണില്‍ പത്തിരട്ടിയോളവും അതിലധികവുമൊക്കെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. ഇതിലൂടെ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന പരിധിയിക്കുള്ള ടിക്കറ്റ് നിലനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി പങ്കുവെച്ചു.

പ്രാഥമികമായി 15 കോടിയുടെ ഒരു കോര്‍പസ് ഫണ്ട് ഈ പദ്ധതിക്കായി രൂപീകരിക്കാനാണ് ബജറ്റിലെ നിര്‍ദേശം. ഏതെങ്കിലും ഒരു വിമാനത്താവളം പദ്ധതിയില്‍ പങ്കാളിയാവാന്‍ ആഗ്രഹം പ്രകടിപ്പിക്കുമെങ്കില്‍ അതിനുള്ള അണ്ടര്‍റൈറ്റിങ് ഫണ്ടായും ഈ പണം ഉപയോഗിക്കാമെന്ന് സംസ്ഥാന ബജറ്റ് പറയുന്നു.