പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

0

ദുബായില്‍ അന്തരിച്ച പ്രവാസി വ്യവസായ പ്രമുഖന്‍ ജോയി അറയ്ക്കലിന്റെ മൃതദേഹം കടുത്ത പോലിസ് നിയന്ത്രണങ്ങളോടെ മാനന്തവാടിയില്‍ സംസ്‌കരിച്ചു. ആഗോള വ്യവസായിയും അറയ്ക്കൽ പാലസ് ഉടമയുമായ ജോയിയുടെ സംസ്കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ് ഡ്രൽ പള്ളി സെമിത്തേരിയിൽ പൂർത്തിയായി. മാനന്തവാടി രൂപതയുടെ കത്തീഡ്രൽ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി വികാരി ഫാ. പോൾ മുണ്ടോലിക്കൽ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

പ്രത്യേക വിമാനത്തില്‍ ദുബായില്‍ നിന്നും ഇന്നലെ രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയില്‍ ജോയിയുടെ വസതിയായ പാലസില്‍ എത്തിച്ചു. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍ ജോയി, ആഷ്‌ലിന്‍ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ.

രാവിലെ ഏഴേകാലോടെ, കനത്ത പൊലീസ് കാവലിൽ വളരെ കുറച്ചു മാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ മൃതദേഹം പള്ളിയിൽ എത്തിച്ചു. ചടങ്ങുകൾക്കു ശേഷം, ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേർന്നുള്ള കുടുംബക്കല്ലറയിൽ സംസ്കരിച്ചു. എട്ടുമണിയോടെ ചടങ്ങുകൾ പൂർത്തിയായി.

ഏപ്രില്‍ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്ന് വീണാണ് ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം. മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.