സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ്; 12 പേര്‍ വിദേശത്തുനിന്ന് വന്നവര്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുപേരുടെ ഫലം നെഗറ്റീവായി.

പാലക്കാട്-7, മലപ്പുറം-4, കണ്ണൂര്‍-3, പത്തനംതിട്ട,തിരുവനന്തപുരം,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവും കാസര്‍കോട്, കോഴിക്കോട്, എറണാകുളം,ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ തമിഴ്നാട്ടിൽ നിന്നുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. ഇതുവരെ 666 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 161 പേർ നിലവിൽ ചികിത്സയിലുണ്ട്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 6900 സാംപിൾ ശേഖരിച്ചതിൽ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല.

നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൌണിൽ ചില ഇളവു വരുത്തി എന്നാൽ തുടര്‍ന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്.