ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗുരുതി നിവേദ്യത്തില്‍ ചൂണ്ണാമ്പിന് പകരം ബ്ലീച്ചിങ് പൗഡര്‍

1

എറണാകുളം: ചോറ്റാനിക്കര കീഴ്ക്കാവ് ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതി നിവേദ്യ തര്‍പ്പണത്തിനായി തയ്യാറാക്കിയ കൂട്ടില്‍ ചൂണ്ണാമ്പിന് പകരം ബ്ലീച്ചിങ് പൗഡര്‍.`കീഴ്ക്കാവ് മേല്‍ശാന്തിക്ക് നിവേദ്യത്തിൽ ചുണ്ണാമ്പ് കലർന്നെന്ന് സംശയം തോന്നിയതിനെ തുടർന്ന് നിവേദ്യം പരിശോധിക്കുകകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തയ്യാറാക്കിയ 12 പാത്രം ഗുരുതി നിവേദ്യത്തില്‍ ചുണ്ണാമ്പിനു പകരം ഇട്ടത് ബ്ലീച്ചിങ് പൗഡറാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ഗുരുതിയില്‍ ബ്ലീച്ചിങ് പൗഡറിന്റെ അംശം നീക്കം ചെയ്ത് രണ്ടാമത് ഗുരുതി തയ്യാറാക്കുകയായിരുന്നു.

ഗുരുതിക്കൂട്ടിന് ചുണ്ണാമ്പിനു പകരം ബന്ധപ്പെട്ട ജീവനക്കാരന്‍ കൊണ്ടുവന്നു കൊടുത്തത് ബ്ലീച്ചിങ് പൗഡറായിരുന്നെന്ന് ചോറ്റാനിക്കര ദേവസ്വം മാനേജര്‍ പ്രതികരിച്ചു. മേല്‍ക്കാവ് മേല്‍ശാന്തി ടി.എന്‍. നാരായണന്‍ നമ്പൂതിരി ഗുരുതിപൂജയ്ക്കായി എത്തിയപ്പോള്‍ ഓട്ടുരുളികളിലെ ഗുരുതിക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. വിവരം തന്നെ അറിയിച്ചതിനെ തുടര്‍ന്ന് തയ്യാറാക്കിയ ഗുരുതി ഉടന്‍ മാറ്റാന്‍ നിര്‍ദേശിച്ചു.

അത് പൂര്‍ണമായും ഒഴിവാക്കി. ദുര്‍ഗന്ധം ഉണ്ടായിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ വിവരം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആദ്യമായിട്ടാണ് ക്ഷേത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.

ജീവനക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സംഭവത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മോഹനന്‍ പറഞ്ഞു. വേണ്ടിവന്നാല്‍ അന്വേഷണം പൊലീസിനെ ഏല്‍പ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.