ദുബായിൽ പ്രകൃതിസൗഹൃദ പള്ളി തുറന്നു

1

ദുബായ് : നിർമിതിയിലെ പ്രത്യേകതകൾക്ക് യു.എസ്. ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (യു.എസ്.ജി.ബി.സി.) പ്ലാറ്റിനം റേറ്റിങ് ലഭിച്ച പള്ളി ഹത്തയിൽ തുറന്നു. പള്ളിയുടെ പരിസ്ഥിതി സൗഹൃദപരമായ നിർമിതിക്ക് യു.എസ്.ജി.ബി.സി. 83 പോയന്റാണ് നൽകിയത്.

1050 ചതുരശ്രമീറ്റർ വലുപ്പമുള്ള പള്ളിയിൽ ഒരേസമയം 600 വിശ്വാസികളെ ഉൾക്കൊള്ളാനാകും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മഖ്‌തൂമിന്റെ ആശയത്തിലുള്ള സുസ്ഥിര വികസനത്തിലൂന്നിയുള്ള നിർമാണശൈലിയാണ് ഇതിൽ അവലംബിച്ചിട്ടുള്ളത്. ദുബായ് 2040 ആശയത്തിൽ ഊർജ-പ്രകൃതിസംരക്ഷണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നിർമാണരംഗങ്ങളിൽ നടപ്പാക്കിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുസ്ഥിര വികസന സംവിധാനമെന്ന ലക്ഷ്യത്തോടെ ദുബായ് ജല വൈദ്യുത അതോറിറ്റി (ദേവ) നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ദേവ എം.ഡിയും സി.ഇ.ഒ.യുമായ സായിദ് മുഹമ്മദ്‌ അൽതയർ പറഞ്ഞു. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതിപരമായ വികസനങ്ങൾക്ക് ഇത് കരുത്തേകും. ഊർജ ഉത്പാദനത്തിന് സൗരോർജ പാനലുകളും വെള്ളത്തിന്റെ പുനരുപയോഗത്തിനായുള്ള സംവിധാനങ്ങളും പള്ളിയുടെ പ്രത്യേകതയാണ്