ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

0

വടക്കൻ ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്.

ഈ ജില്ലകളിൽ 7 മുതൽ 11 സെൻ്റിമീറ്റർ വരെയുള്ള മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ബുധനാഴ്ച്ച വരെ മത്സ്യ ബന്ധനം വിലക്കി. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.