‘സിനിമാ ചിത്രീകരണം ടിപിആർ കുറഞ്ഞ ശേഷം: മന്ത്രി സജി ചെറിയാൻ

0

കൊച്ചി: സംസ്ഥാനത്ത് സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണെന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും, ഇക്കാര്യത്തിൽ ടിപിആർ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും സജി ചെറിയാൻ പറയുന്നു. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിന്‍റെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.

വ്യാപാരികളോടും സിനിമക്കാരോടും സർക്കാരിനോട് വിരോധമില്ലെന്ന് സജി ചെറിയാൻ പറയുന്നു. ആളുകളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ – എന്നും സജി ചെറിയാൻ.

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നുൾപ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരാനിരിക്കുകയാണ്. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചർച്ച നടത്തുന്നുണ്ട്.

ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്.